ആർത്തവ സമയത്ത് സ്‌ത്രീകൾക്ക് നെഗറ്റീവ് എനർജി ഉണ്ടാകും; സ്വന്തം വിശ്വാസത്തെ ശാസ്‌ത്രമെന്ന വ്യാജേന വളച്ചൊടിച്ച്‌ തള്ളിമറിക്കുന്നു

ബുധന്‍, 3 ഒക്‌ടോബര്‍ 2018 (12:13 IST)
ആർത്തവത്തിന്റെ പേരിൽ സ്‌ത്രീകളെ ക്ഷേത്രങ്ങളിൽ നിന്ന് പുറത്തുനിർത്തുന്നത് ശാസ്‌ത്രീയവശമാണെന്ന് പറഞ്ഞ ഡോക്‌ടർ നിഷയ്‌ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോക്‌ടർ ഷംന അസീസ്. മതഭ്രാന്ത് പിടികൂടുന്നത്‌ മനസ്സിലാക്കാം. ദൈവവിശ്വാസി ശാസ്‌ത്രം പഠിച്ച്‌ രണ്ടും രണ്ട്‌ വഴിക്ക്‌ കൊണ്ടു നടക്കുന്നതും സാധാരണം. പക്ഷേ, യാതൊരു ഉളുപ്പുമില്ലാതെ സ്വന്തം വിശ്വാസത്തെ ശാസ്‌ത്രമെന്ന വ്യാജേന വളച്ചൊടിച്ച്‌ തള്ളിമറിക്കുന്നത്‌ കൈയും കെട്ടി നോക്കി നിൽക്കാൻ സാധിക്കില്ല എന്ന് ഷംന അസീസ് പറയുന്നു.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണ‌രൂപം:-
 
അമ്പലത്തിൽ കേറുമ്പോ അവിടത്തെ മാഗ്‌നറ്റിക്‌ ഫീൽഡ്‌ ആർത്തവരക്‌തത്തിന്റെ മേൽപോട്ട്‌ പുഷ്‌ ചെയ്‌ത്‌ കേറ്റും എന്നൊക്കെ മഞ്ഞപ്പട്ട്‌ ചുറ്റി ന്യൂയോർക്കിലെ കാർഡിയോളജിസ്‌റ്റ്‌ എന്നവകാശപ്പെടുന്നൊരു സ്ത്രീ പ്രഖ്യാപിച്ച വീഡിയോ കണ്ടു. ഗർഭാശയത്തിന്റെ ആന്തരികപാളിയായ എൻഡോമെട്രിയത്തിലെ കോശങ്ങൾ വേറെയിടങ്ങളിൽ കാണുന്ന സൂക്കേടായ എൻഡോമെട്രിയോസിസ്‌ വരുമത്രേ. ദയനീയമെന്നേ പറയാനാവൂ. ഇവരൊക്കെ എന്തിനാണാവോ പഠിച്ചത്‌ ! ആ പറഞ്ഞ്‌ വെച്ചിരിക്കുന്ന മണ്ടത്തരം ലക്ഷം തവണയിലേറെ ലോകം കണ്ടിരിക്കുന്നു, പതിനായിരക്കണക്കിന്‌ ഷെയറും !
 
ഹാർട്ടിനെക്കുറിച്ച്‌ പഠിച്ച്‌ പഠിച്ച് ഇച്ചിരെ താഴെയുള്ള ഗർഭപാത്രത്തിന്റെ കാര്യം തലച്ചോറിൽ നിന്ന്‌ മൊത്തത്തിൽ ആവിയായതാണോ എന്നറിയില്ല. ഇനിയിപ്പോ ആ അവയവത്തിനകത്ത്‌ മൊത്തത്തിൽ അന്ധവിശ്വാസങ്ങൾ പെറ്റു കിടക്കുകയാണോന്നും അറിയില്ല.
 
മതഭ്രാന്ത് പിടികൂടുന്നത്‌ മനസ്സിലാക്കാം. ദൈവവിശ്വാസി ശാസ്‌ത്രം പഠിച്ച്‌ രണ്ടും രണ്ട്‌ വഴിക്ക്‌ കൊണ്ടു നടക്കുന്നതും സാധാരണം. പക്ഷേ, യാതൊരു ഉളുപ്പുമില്ലാതെ സ്വന്തം വിശ്വാസത്തെ ശാസ്‌ത്രമെന്ന വ്യാജേന വളച്ചൊടിച്ച്‌ തള്ളിമറിക്കുന്നത്‌ കൈയും കെട്ടി നോക്കി നിൽക്കാൻ സാധിക്കില്ല.
 
മതമല്ല ശാസ്‌ത്രം, ശാസ്‌ത്രമല്ല മതം. എണ്ണയും വെള്ളവും കലക്കിചേർക്കാൻ ശ്രമിച്ച്‌ ജനങ്ങളെ കബളിപ്പിക്കുന്ന, ഡോക്‌ടർ എന്നവകാശപ്പെടുന്ന സ്ത്രീയേ, നിങ്ങൾ പണ്ട് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നതിനു മുൻപ് നെഞ്ചത്ത്‌ കൈ വെച്ച്‌ എടുത്ത Hippocrates Oath ഇല്ലേ? അത്‌ വീട്ടിലെ ഏതേലും ടെക്‌സ്‌റ്റിൽ കാണും. അല്ലെങ്കിൽ ഗൂഗിളിൽ കാണും. അത് വെറുതേ ഒന്നെടുത്ത്‌ വായിക്കണം. മെഡിക്കൽ എത്തിക്ക്‌സ്‌ എന്നൊന്നുണ്ട്‌. അശാസ്‌ത്രീയത കൊണ്ട്‌ പാവം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ എത്തിക്‌സ്‌ കൂടി ഒന്നോർത്താൽ നല്ലത്‌. ഒപ്പം, ശബരിമലയിലെ അയ്യപ്പൻ എൻഡോമെട്രിയോസിസിന്റെ etiology ആവുന്ന മെഡിക്കൽ പാഠപുസ്‌തകം ബാക്കിയുള്ളവർക്ക് കൂടിയൊന്ന്‌ പറഞ്ഞ്‌ തരണേ... റഫർ ചെയ്‌ത്‌ പഠിക്കാനാ...
പരമകഷ്‌ടം !

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍