മോഹൻലാലിന്റെ ‘ആരാധകക്കൂട്ടത്തെ’ മുതലെടുക്കാം- ബിജെപി സ്ഥാനാർത്ഥിയായി സൂപ്പർസ്റ്റാർ, എതിരാളി ശശി തരൂർ?

ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (13:40 IST)
മലയാളത്തിന്റെ മഹാനടൻ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതായി സൂചന. കേരളം ഏറെ ചർച്ച ചെയ്യുന്ന വിഷയമാണിത്. ഇതിൽ ഇപ്പോൾ ഒരു അന്തിമ തീരുമാനം വന്നിരിക്കുകയാണെന്ന് ദേശീയ മാധ്യമമായ ഡെക്കാണ്‍ ഹെരാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നു. 
 
പല വിഷയങ്ങളിലും സംഘപരിവാര്‍ ചായ്‌വുള്ള മോഹന്‍ലാല്‍ ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനായി ആർ എസ് എസ് മോഹൻലാലിന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. 
 
തിരുവനന്തപുരം മണ്ഡലത്തിലേക്ക് പെട്ടന്നൊരു ദിവസം മോഹൻലാൽ എന്ന സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ ബിജെപി തയ്യാറല്ല. മറിച്ച്, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നൊരു ഇമേജ് മോഹന്‍ലാലിന് സൃഷ്ടിച്ച ശേഷം തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കാനാണ് ആര്‍എസ്എസ് നേതൃത്വം താല്‍പര്യപ്പെടുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് വയനാട്ടിലെ ആദിവാസി കുടുംബങ്ങളെ മോഹൻലാൽ ഏറ്റെടുത്തതെന്നും സൂചനയുണ്ട്.  
 
കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ദില്ലിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കുന്നതാണ്. പതിനഞ്ച് മിനുറ്റാണ് ലാല്‍ മോദിയുമായി സംസാരിച്ചത്.
 
നടനെന്ന നിലയില്‍ മോഹന്‍ലാലിന് കേരളത്തില്‍ പകരക്കാരനില്ലെന്ന് സംഘപരിവാറിന് ബോധ്യമുണ്ട്. പക്ഷേ, സിനിമാക്കാരെ കണ്ടാൽ മറുത്തൊന്നും ആലോചിക്കാതെ വോട്ട് ചെയ്യുന്ന ഉത്തരേന്ത്യക്കാരുടെ മനോഗതിയല്ല മലയാളികൾക്കുള്ളതെന്ന് കേന്ദ്രം തിരിച്ചരിഞ്ഞു കഴിഞ്ഞു. അതിനാൽ, നല്ല പ്രവർത്തികൾ ചെയ്തതിനു ശേഷം മോഹൻലാലിന്റെ ആരാധകക്കൂട്ടത്തെയടക്കം മുതലെടുക്കാമെന്ന നിഗമനമാണ് ഇവർക്കുള്ളതെന്നും സൂചനയുണ്ട്.
 
മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ തലപ്പത്തുള്ളത് സംഘപരിവാര്‍ മുതിര്‍ന്ന നേതാവാണ്. വരുന്ന നാളുകളില്‍ സംഘപരിവാര്‍ പരിപാടികളില്‍ അടക്കം സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മോഹന്‍ലാലിന്റെ സാന്നിധ്യം ഉണ്ടായേക്കും. 
 
തിരുവനന്തപുരത്ത് സിറ്റിംഗ് എംപിയായ ശശി തരൂര്‍ തന്നെയാവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് ഏതാണ്ട് ഉറപ്പാണ്. അങ്ങനെയെങ്കില്‍ ശശി തരൂര്‍ -മോഹന്‍ലാല്‍ ഏറ്റുമുട്ടലിനാവും 2019ല്‍ തിരുവനന്തപുരം വേദിയാവുക.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍