വില്ലനിസം കൂടിയ നായകൻ! - അതാണ് കെ കെ

വ്യാഴം, 19 ഏപ്രില്‍ 2018 (14:42 IST)
മമ്മൂട്ടി വലിയ ഇടവേളയ്ക്ക് ശേഷം വില്ലന്‍ കഥാപാത്രമായെത്തുന്ന സിനിമയെന്ന വിശേഷണമാണ് ‘അങ്കിള്‍’ എന്ന പ്രൊജക്ടിനേക്കുറിച്ച് ആദ്യം മുതലേ ഉയര്‍ന്നുകേള്‍ക്കുന്നത്. അക്കാര്യം സത്യമാണെന്ന് സംവിധായകന്‍ ഗിരീഷ് ദാമോദര്‍ വ്യക്തമാക്കുന്നു. 
 
‘അല്‍പം നെഗറ്റീവായ കഥാപാത്രമാണിത്. അച്ഛനായിട്ട് വേഷമിടുന്നത് ജോയ് മാത്യുവാണ്. ഇതൊരു റിയലിസ്റ്റിക് സിനിമയാണ്. മമ്മൂട്ടി വില്ലനാണോ നായകനാണോ എന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്‘- സംവിധായകൻ പറയുന്നു. എന്നാൽ, ഒരു അഹമ്മദ് ഹാജിയോ ഭാസ്കര പട്ടേലോ അല്ല അങ്കിളിലെ കെ കെ എന്ന് ചിത്രത്തോട് അടുത്ത വ്രത്തങ്ങൾ വ്യക്തമാക്കുന്നു.
 
ഷട്ടറിന് ശേഷം ജോയ് മാത്യു എഴുതിയ തിരക്കഥ എന്നതാണ് മറ്റൊരു വലിയ പ്രത്യേകത. എന്തായാലും അങ്കിളിന്‍റെ ടീസറിനും ട്രെയിലറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്‍റെ സുഹൃത്തിന്‍റെയും കഥ പറയുന്ന അങ്കിള്‍ ഉടന്‍ റിലീസാകും. പിതാവിന്‍റെ സുഹൃത്തായാണ് മമ്മൂട്ടി വേഷമിടുന്നത്. 
 
കൃഷ്ണകുമാര്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഊട്ടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് അയാള്‍ യാത്ര തിരിക്കുമ്പോള്‍ കൂടെ സുഹൃത്തിന്റെ മകളുമുണ്ട്. അവള്‍ അയാളെ ‘അങ്കിള്‍’ എന്നുവിളിച്ചു. പക്ഷേ അയാള്‍ ആ കുടുംബത്തില്‍ ചില പ്രശ്നങ്ങള്‍ക്ക് കാരണമായി. പെണ്‍കുട്ടിയുള്ള ഓരോ അച്ഛന്റെയും അമ്മയുടെയും ഉള്ളിലുള്ള ആധിയാണ് ഈ ചിത്രത്തിലൂടെ വ്യക്തമാക്കുന്നത്. 
 
ഏപ്രില്‍ അവസാന വാരം ഏകദേശം 110 തിയേറ്ററുകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തും. ഇപ്പോള്‍ മലയാളത്തിലാണ് സിനിമ പുറത്തിറങ്ങുന്നത്. പിന്നീട് തമിഴ്, തെലുങ്ക് പതിപ്പുകള്‍ പുറത്തിറങ്ങും. ഒരു പക്ഷേ പ്രകാശ് രാജായിരിക്കും ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍