ലോക്ക് ഡൗൺ കാലത്ത് ഇരട്ടക്കുട്ടികൾ പിറന്നു; മക്കൾക്ക് കൊവിഡ്, കൊറോണ എന്ന് പേരിട്ട് മാതാപിതാക്കൾ

അനു മുരളി

വെള്ളി, 3 ഏപ്രില്‍ 2020 (13:29 IST)
കൊവിഡ് 19 ലോകത്തെ വിറപ്പിക്കുകയാണ്. കൊറോണയിൽ നിന്നും രക്ഷപെടാനുള്ള കഠിനശ്രമത്തിലാണ് ലോകജനത. ഇതിനിടയിൽ ലോക്ക് ഡൗൺ കാലത്ത് ജനിച്ച ഇരട്ടക്കുട്ടികൾക്ക് കൊവിഡ് എന്നും കൊറോണ എന്നും പേരിട്ട് മാതാപിതാക്കൾ. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. 
 
ലോക്ക് ഡൗണിൽ തങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾക്കും കഷ്ടപ്പാടുകൾക്കും ഓർമയായിട്ടാണ് ഈ പേരുകള്‍ മക്കൾക്ക് മാതാപിതാക്കൾ തെരഞ്ഞെടുത്തത്. കഴിഞ്ഞ മാസം 26ന് അർദ്ധരാത്രിയിലാണ് കൊറോണയുടെയും കൊവിഡിന്റെയും ജനനം. മക്കളുടെ പേര് ഭാവിയിൽ മാറ്റാൻ സാധ്യതയുണ്ടെന്നും മാതാപിതാക്കൾ പറയുന്നു.
 
‘ഇപ്പോൾ ഞങ്ങൾ ആൺകുട്ടിക്ക് പേരിട്ടിരിക്കുന്നത് കൊവിഡ് എന്നും പെൺകുഞ്ഞിന് പേര് നൽകിയിരിക്കുന്നത് കൊറോണയെന്നുമാണ്’ 27 വയസുകാരിയായ അമ്മ പ്രീതി വെർമ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ‘വൈറസ് ഭീകരവും ജീവന് ഭീഷണിയുമാണ്. എന്നാൽ അവയുടെ വരവ് ഒരുപാട് നല്ല ശീലങ്ങൾ ആളുകളിലുണ്ടാക്കി. വൃത്തിയും വെടിപ്പും ശീലിക്കാൻ കാരണമായി. അതിനാലാണ് ഈ പേരുകൾ ഞങ്ങളിലുടക്കിയത്.’ പ്രീതി പേരിടാനുള്ള കാരണം വ്യക്തമാക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍