‘അവര്‍ക്ക് ആ തോന്നലുണ്ടായപ്പോള്‍ അച്ഛനെന്ന നിലയില്‍ ഞാന്‍ വിജയിച്ചു’- ഒരേക്കര്‍ ഭൂമി ദുരിത ബാധിതര്‍ക്കു നല്‍കിയ വിദ്യാര്‍ഥികളുടെ അച്ഛന്‍ പറയുന്നു

തിങ്കള്‍, 20 ഓഗസ്റ്റ് 2018 (16:13 IST)
പ്രളയക്കെടുതി നേരിടുന്ന കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരേക്കർ ഭൂമി സംഭാവന ചെയ്ത വിദ്യാർത്ഥിയെ പ്രശംസിച്ച് പെൺകുട്ടിയുടെ അച്ഛൻ. അച്ഛനെന്ന നിലയില്‍ അവരുടെ തീരുമാനം തനിക്ക് അഭിമാനമാണെന്ന് വിദ്യാര്‍ഥികളുടെ അച്ഛന്‍ ശങ്കരന്‍.
 
അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് അവര്‍ ഇക്കാര്യം ചോദിച്ചത്. നിങ്ങളുടെ ഇഷ്ടംപോലെ ചെയ്‌തോളൂവെന്നാണ് താന്‍ മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് നിങ്ങളുടേതാണ്, നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് അതുപോലെ ചെയ്‌തോളൂവെന്ന്. അവര്‍ക്ക് അങ്ങനെ തോന്നലുണ്ടായപ്പോള്‍ തന്നെ ഞാന്‍ വിജയിച്ചു. സഹാനുഭൂതിയും സഹജീവി സ്‌നേഹവും അവര്‍ക്ക് കൈമോശം വന്നിട്ടില്ലെന്ന് എനിക്ക് മനസിലായി.’ അദ്ദേഹം വ്യക്തമാക്കി.
 
പയ്യന്നൂര്‍ ഷേണായ് സ്മാരക ഗവഃ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ സ്വാഹയുടെ പ്രഖ്യാപനമാണ് ചർച്ചയായിരിക്കുന്നത്. ‘കൃഷിക്കാരനായ ഞങ്ങളുടെ അച്ഛൻ‍, ഞങ്ങളുടെ നാളേക്ക് വേണ്ടി കരുതിവെച്ചിരുന്ന ഭൂസ്വത്തില്‍ നിന്നും ഒരേക്കര്‍ സ്ഥലം സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്നു’ എന്ന വാക്കുകളാണ് മാതൃകയായിരിക്കുന്നത്. ഇതിനായി അച്ഛന്റെ സമ്മതം വാങ്ങിയെന്നും ഇനി ഞങ്ങൾ എന്താണ് വേണ്ടതെന്നും പ്രിന്‍സിപ്പാളിന് നല്‍കിയ കത്തിലൂടെ സ്വാഹ ചോദിക്കുന്നു. പയ്യന്നൂര്‍ മാവിച്ചേരി സ്വദേശി ശങ്കരന്റെ മക്കളാണ് ഇരുവരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍