അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുമായി സ്വന്തം കാറില്‍ ആശുപത്രിയിലേക്ക് പാഞ്ഞു, രക്ഷപ്പെട്ടത് ഒരു ജീവന്‍; കമല്‍ഹാസന് കൈയടിച്ച് സോഷ്യല്‍ മീഡിയ
വ്യാഴം, 17 മെയ് 2018 (12:39 IST)
അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്റെ ഇടപെടല്‍. കന്യാകുമാരിയില്‍ പര്യടനം നടത്തുന്നതിനിടെയാണ് അപകടത്തില്‍ പരുക്കേറ്റ് ആംബുലന്‍സിനായി കാത്തിരുന്ന പെണ്‍കുട്ടിയെ സ്വന്തം കാറില്‍ കയറ്റി കമല്‍ ആശുപത്രിയില്‍ എത്തിച്ചത്.
ജനങ്ങളും ആരാധകരുമായി കൂടിക്കാഴ്ച നടത്തുന്നതിനും സംവദിക്കുന്നതിനുമായിട്ടായിരുന്നു കമല്‍ കന്യാകുമാരിയിലേക്ക് പോയത്. യാത്രയ്‌ക്കിടെ പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ ഒരുകൂട്ടമാളുകള്‍ വഴിയില്‍ നില്‍ക്കുന്നത് ശ്രദ്ധിയില്‍ പെട്ടതോടെയാണ് അദ്ദേഹം കാര്‍ നിര്‍ത്തിയത്.
രക്തംവാര്‍ന്ന നിലയില്‍ ഗുരുതരാവസ്ഥ നേരിട്ട പെണ്‍കുട്ടിയെ സ്വന്തം വാഹനത്തില്‍ കയറ്റി കമല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെണ്‍കുട്ടി അപകടനില തരണം ചെയ്‌തുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനാലാണ് വാഹനങ്ങള്‍ നിര്‍ത്താതെ പോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവരില്‍ ചിലരാണ് കമല്‍ നടത്തിയ ഇടപെടലിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വിവരം പുറത്തുവിട്ടത്. വാര്‍ത്ത പുറത്തുവന്നതോടെ കമലിന്റെ പ്രവര്‍ത്തിയെ പ്രശംസിച്ച് ആയിരക്കണക്കിനാളുകള്‍ രംഗത്തുവന്നു.