വിവാദം ശക്തം: ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവർ നടത്തിയ മൂല്യനിര്‍ണയം റദ്ദാക്കി
ഞായര്‍, 9 ഡിസംബര്‍ 2018 (10:28 IST)
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവർ നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കി.
ഹയര്‍ അപ്പീല്‍ ജൂറി സന്തോഷ് എച്ചിക്കാനത്തിന്റെ നേതൃത്വത്തിലുള്ള 13 അംഗ ഉന്നതാധികാര സമിതിയാണ് പുനര്‍ മൂല്യനിര്‍ണ്ണയം നടത്തിയത്. സംസ്ഥാനതല അപ്പീല്‍ കമ്മറ്റിയുടേതാണ് തീരുമാനം. ഇന്ന് ഹയര്‍ അപ്പീല്‍ ജൂറി അന്തിമ വിലയിരുത്തല്‍ നടത്തിയ ശേഷമായിരിക്കും ഫലം പ്രഖാപിക്കൂക.
പുലര്‍ച്ചെ ഒരു മണിവരെ നീണ്ട യോഗത്തിലാണ് പുനര്‍മൂല്യനിര്‍ണയം നടത്താന്‍ അപ്പീൽ കമ്മിറ്റി തീരുമാനിച്ചത്. തുടക്കത്തിൽ ദീപയ്ക്ക് അനുകൂലമായ നിലപാടായിരുന്നു വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരുന്നത്.
കവിതാമോഷണ വിവാദത്തില്‍പ്പെട്ട ദീപ, മൂല്യനിര്‍ണയം നടത്തുന്നതിനെതിരേ കലോത്സവവേദിയിൽ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ കലോത്സവ അപ്പീല്‍ കമ്മിറ്റി തീരുമാനിച്ചത്.