അച്ഛൻ വിളിച്ചു ബാലഭാസ്‌ക്കർ കണ്ണുതുറന്നു; ആരോഗ്യനിലയിൽ നേരിയ പുരോഗതി

വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (08:50 IST)
കാര്‍ മരത്തിലിടിച്ച്‌ ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബാലഭാസ്‌ക്കറിന്റെ ആരോഗ്യനില സംബന്ധിച്ച് തുടർച്ചയായ അന്വേഷണങ്ങൾ വരുന്ന സാഹചര്യത്തിൽ ആരോഗ്യനില സംബന്ധിച്ച്‌ ഇന്നു മുതല്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
 
അബോധാവസ്ഥയില്‍ തുടരുന്ന ബാലഭാസ്‌കര്‍ ഇപ്പോഴും വെന്റിലേറ്ററിലാണ്. രക്തസമ്മര്‍ദത്തില്‍ ഇടക്കിടെ വ്യതിയാനം സംഭവിക്കുന്നതിനാലാണ് ഇത്. ഇന്നലെ പിതാവ് എത്തി വിളിച്ചപ്പോള്‍ ബാലഭാസ്‌കര്‍ ചെറുതായി കണ്ണു തുറന്നതായും അടുത്ത വൃത്തങ്ങൾ പറഞ്ഞു.
 
ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. ലക്ഷ്മി അപകടനില തരണം ചെയ്തു. അതേസമയം, മകൾ തേജ്വസിനിയുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. വട്ടിയൂർക്കാവ് തിട്ടമംഗലത്തുള്ള ലക്ഷ്മിയുടെ കുടുംബവീട്ടുവളപ്പിലാണ് ശവസംസ്കാരച്ചടങ്ങു നടന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍