അച്ഛന്റേയും അമ്മയുടേയും അന്ത്യചുംബനമില്ലാതെ തേജസ്വിനി യാത്രയായി

വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (07:53 IST)
അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്‌മിയും അറിയാതെ മകൾ തേജ്വസിനിയുടെ മൃതദേഹം സംസ്‌കരിച്ചു. വട്ടിയൂർക്കാവ് തിട്ടമംഗലത്തുള്ള ലക്ഷ്മിയുടെ കുടുംബവീട്ടുവളപ്പിലാണ് ശവസംസ്കാരച്ചടങ്ങു നടന്നത്. 
 
ബാലഭാസ്‌ക്കറിനെയും ലക്ഷ്‌മിയേയും കാണിച്ചതിന് ശേഷം മാത്രമേ തേജ്വസിനിയുടെ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ എന്ന് കുടുംബക്കാർ ആദ്യം പറഞ്ഞിരുന്നെങ്കിലും ഡോക്‌ടർമാരുടെ നിർദ്ദേശപ്രകാരമാണ് വ്യാഴാഴ്‌ചതന്നെ സംസ്‌കാരം നടത്തിയത്. ബുധനാഴ്‌ച പോസ്‌റ്റുമോർട്ടം ചെയ്‌ത മൃതദേഹം എംബാം ചെയ്‌ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.
 
ലക്ഷ്മിക്കു ബോധം തെളിഞ്ഞിരുന്നെങ്കിലും മൃതദേഹം കാണിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ലക്ഷ്‌മിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ട്. കഴിഞ്ഞ ദിവസം കണ്ണ് തുറന്ന ലക്ഷ്‌മി മകളെ അന്വേഷിച്ചിരുന്നതായും അടുത്ത വൃത്തങ്ങൾ പറഞ്ഞു.
 
അതേസമയം, ബാലഭാസ്‌കറിന്റെ നില മാറ്റമില്ലാതെ തുടരുകയാണ്. ആദ്യത്തെ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ല. ബോധം തെളിഞ്ഞ ശേഷമേ തുടർശസ്ത്രക്രിയകൾ നടത്താനാകൂ എന്ന് ഡോക്‌ടർമാർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍