തിരുവാതിരയ്ക്ക് ഏഴു നാള്‍ മുമ്പ് മുതല്‍ നേരം പുലരും മുമ്പ് നാട്ടിന്‍പുറത്തെ കുളങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്ന സ്ത്രീകളുടെ പാട്ടാണിത്. പ്രകൃതിയുടെ സൌന്ദര്യം വര്‍ണ്ണിക്കുന്ന ഈ പാട്ടുകള്‍ പലതും വാമൊഴിയായി പകര്‍ന്നുകിട്ടിയതാണ്.
അടുക്കളയിലും നടുമുറ്റത്തുമായി ഒതുങ്ങിപോയിരുന്ന സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു മുമ്പത്തെ തിരുവാതിര ആഘോഷം. യാഥാസ്ഥിതിക കുടുംബങ്ങളില്‍ പോലും പുരുഷന്മാര്‍ ഈ ആഘോഷത്തിന് എതിരു പറഞ്ഞിരുന്നില്ല.
ദാമ്പത്യ ജീവിതത്തിന്‍റെ കെട്ടുറപ്പിനായി സ്ത്രീ ആഘോഷം നടത്തുന്നതും പ്രാര്‍ത്ഥിക്കുന്നതും പുരുഷന് സന്തോഷമുള്ള കാര്യമായിരുന്നു. അതുകൊണ്ടാണ് നാലാള്‍ കാണ്‍കേ തിരുവാതിര ചുവട് വയ്ക്കാനും കുരവയിട്ട് ആര്‍ത്തുല്ലസിക്കാനും ഊഞ്ഞാലാടി മദിക്കാനും പുലര്‍ച്ചെ എഴുന്നേറ്റ് കൂട്ടം കൂടി കുളങ്ങളില്‍ തുടിച്ചു കുളിച്ച് കളിക്കാനും സ്ത്രീകള്‍ക്ക് സാധിച്ചത്.
തിരുവാതിരയ്ക്ക് കളിച്ചിരുന്ന കുമ്മിയും കൈകൊട്ടിക്കളിയും പിന്നീട് തിരുവാതിരക്കളി എന്ന പേരില്‍ പ്രസിദ്ധമായി. രണ്ട് കാലുകളും അകറ്റിവച്ച് അമര്‍ന്നും പതിഞ്ഞും ചുവട് വച്ചും വശങ്ങളിലേക്ക് തിരിഞ്ഞും നടത്തുന്ന കൈകൊട്ടിക്കളി ദാമ്പത്യ ജീവിതത്തെ സുഗമമാക്കാന്‍ പോന്ന ഒരു വ്യായാമമാണ് എന്ന് പിന്നീട് വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ത്രീയുടെ പല ലൈംഗിക പ്രശ്നങ്ങള്‍ക്കും കാലുകള്‍ അകറ്റി പതിഞ്ഞിരിക്കുകയും ഉയരുകയും ചെയ്യുന്ന വ്യായാമം ഗുണകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
തിരുവാതിര നൊയമ്പുള്ളവര്‍ അരിയാഹാരം കഴിക്കില്ല. കൂവ വിരവിയത്, നേന്ത്രക്കായ, എള്ള്, കടല, ചോളം, വന്‍പയര്‍, കാച്ചില്‍, കൂര്‍ക്ക, ചാമ, ഗോതമ്പ് എന്നിവയാണ് കഴിക്കുക. വരാനിരിക്കുന്ന ചൂടുകാലത്തെ രോഗങ്ങളില്‍ നിന്നുള്ള പ്രതിരോധത്തിനും ഈ ഭക്ഷണം സഹായകമാണ്.
മകയിരം നാളില്‍ വൈകുന്നേരം കിഴങ്ങ് വര്‍ഗ്ഗങ്ങളും പഴവും ചുട്ടുണ്ടാക്കിയ എട്ടങ്ങാടിയും വിരവിയ കൂവയും തൂശനിലയില്‍ വിളമ്പി വിളക്ക് വച്ച് ശ്രീപരമേശ്വരിക്ക് വിളമ്പിയ ശേഷമാണ് സ്ത്രീകള്‍ ആര്‍ദ്രവ്രതാചരണം തുടങ്ങുന്നത്.