ഗരുഡ വാഹനത്തില്‍ എഴുന്നള്ളിപ്പ്

ബുധന്‍, 19 സെപ്‌റ്റംബര്‍ 2007 (18:20 IST)
FILEWD
തിരുമല: തിരുപ്പതി തിരുമല ദേവസ്ഥാനത്തെ ശ്രീവെങ്കിടേശ്വരസ്വാമി ബ്രഹ്മോത്സവത്തിന്‍റെ അഞ്ചാം നാള്‍ രാവിലെ മോഹിനി രൂപത്തിലായിരുന്നു. ഈ ദിവസം മോഹിനി അവതാരോത്സവമായാണ് ആഘോഷിക്കുന്നത്.

വിഷ്ണുവിന്‍റെ അപൂര്‍ണ്ണമായ അവതാരങ്ങളില്‍ ഒന്നാണ് മോഹിനി. ഈ സുന്ദര രൂപം കണ്ട് ശിവന്‍ ആകൃഷ്ടനായെന്നും അവര്‍ക്കിരുവര്‍ക്കും മകനായി അയ്യപ്പന്‍ പിറന്നു എന്നും ആണ് ഒരു വിശ്വാസം.

പാലാഴിമഥനത്തോട് അനുബന്ധിച്ചാണ് വിഷ്ണു മോഹിനിരൂപം പൂണ്ടത്. പാലാഴി കടഞ്ഞപ്പോള്‍ പല അമൂല്യ വസ്തുക്കളും പൊങ്ങിവന്നു. അതു കൈക്കലാക്കാന്‍ അപ്പോള്‍ തന്നെ ദേവന്‍‌മാരും അസുരന്‍‌മാരും തമ്മില്‍ മത്സരം നടന്നു. അമരത്വം നല്‍കുന്ന അമൃത് ലഭിച്ചപ്പോള്‍ അസുരന്‍‌മാര്‍ അതുമെടുത്ത് രക്ഷപ്പെട്ടു. അവരില്‍ നിന്ന് അമൃത് തിരിച്ചുപിടിക്കാനായി വിഷ്ണു മോഹിനി രൂപം കൈക്കൊണ്ടു എന്നാണൊരു കഥ.

വീണ്ടും ഒരിക്കല്‍ ഒരു വരദാനത്തിന്‍റെ അപകടത്തില്‍ നിന്ന് ശിവനെ രക്ഷപ്പെടുത്താനായി വീണ്ടും ഒരിക്കല്‍ വിഷ്ണൂ മോഹിനിയായിട്ടുണ്ട്. ആരുടെ നെറുകയ്ക്ക് നേരെ കൈചൂണ്ടുന്നുവോ അയാളുടെ തല പൊട്ടിത്തെറിക്കുമെന്ന് ശിവന് ഭസ്മാസുരന് വരം നല്‍കേണ്ടി വന്നു. ഭസ്മാസുരനാകട്ടെ ഇത് ഭഗവാന്‍റെ നേരെ തന്നെ പ്രയോഗിക്കാനൊരുങ്ങി.

വിഷ്ണുവിനെ അഭയം പ്രാപിച്ച ശിവന്‍ രക്ഷപെട്ടത് മോഹിനി രൂപത്തിന്‍റെ ചമത്കാരം കൊണ്ടാണ്. വിഷ്ണു മോഹിനിയായി വന്ന് ഭസ്മാസുരനെ ആകര്‍ഷിക്കുകയും നൃത്ത ചുവടുകളിലൂടെയും ആംഗിക വിലാസങ്ങളിലൂടെയും ഭസ്മാസുരന്‍റെ ചൂണ്ടു വിരല്‍ അയാളുടെ തലയ്ക്കു മുകളില്‍ കാണിക്കാന്‍ ഇടവരുത്തുകയും അങ്ങനെ ഭസ്മാസുരന് മരണക്കെണി ഒരുക്കുകയും ചെയ്തു എന്നതാണ് മറ്റൊരു കഥ.


FILEWD
തിരുപ്പതി വെങ്കിടാചലപതിയെ സ്ത്രീ രൂപം കെട്ടിച്ച് ഒരു പല്ലക്കില്‍ ഇരുത്തി പ്രദക്ഷിണം ചെയ്യിക്കുന്നു. ഇതോടൊപ്പം ഒരു കൃഷ്ണന്‍റെ രൂപവും ഉണ്ടായിരിക്കും. ഇതിനു ശേഷം രാത്രി പൂജാ സേവ നടക്കും. പിന്നീട് ഗരുഡ വാഹനത്തിലാണ് ഭഗവാന്‍റെ എഴുന്നള്ളത്ത്.

മഹാകണ്ടി കൊണ്ടും സഹസ്ര നാരമാല കൊണ്ടും ഭഗവാനെ അലങ്കരിച്ചിരിക്കും. ഹിന്ദുക്കളുടെ വിശ്വാസം അനുസരിച്ച് പക്ഷി രാജനായ ഗരുഡന്‍ വേദങ്ങളുടെ പ്രതിരൂപമാണ് (വേദാത്മാ വിഹംഗേശ്വരാ എന്നാണല്ലോ പ്രമാണം). മാത്രമല്ല വേദങ്ങളുടെ അധിപതി മഹാവിഷ്ണുവുമാണ്. അതുകൊണ്ട് ഗരുഡനില്‍ കാണാനാവുന്നത് വിഷ്ണുവിനെ തന്നെയാണ്.

വൈഷ്ണവ പുരാണങ്ങളില്‍ പറയുന്നത് ആദ്യത്തെ ഭക്തന്‍ ഗരുഡനാണെന്നാണ്. അതുകൊണ്ട് വിഷ്ണു ഗരുഡന്‍റെ പുറത്തേറി പ്രദക്ഷിണം ചെയ്യുന്നത് തിരുമല ബ്രഹ്മോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. മാത്രമല്ല, അവിടത്തെ വാഹനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഗരുഡ വാഹനമാണ്‍്. ഗരുഡ വാഹന ഘോഷയാത്ര കാണാനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ ഭക്തര്‍ ബുധനാഴ്ച തിരുപ്പതിയില്‍ എത്തിയിട്ടുണ്ട്.