എം എം ബഷീര്‍ ബഷീറിനെപ്പറ്റി : സംഭവങ്ങള്‍, വ്യക്തികള്‍, സവിശേഷാനുഭവങ്ങള്‍ ഇതൊക്കെ അദ്ദേഹം വ്യക്തമായി ഓര്‍ക്കാറുണ്ടായിരുന്നു. സ്ഥലകാലങ്ങള്‍ അദ്ദേഹത്തിന് കടങ്കഥകള്‍ പോലെയായിരുന്നു. ഒരിക്കല്‍ പറഞ്ഞതാവില്ല മറ്റൊരിക്കല്‍ പറയുക
പക്ഷേ സൂക്ഷ്മമായ പൊരുളുകളില്‍ വൈരുദ്ധ്യങ്ങള്‍ കുറയും. കാലങ്ങള്‍, സ്ഥലങ്ങള്‍, വ്യക്തികള്‍, സംഭവങ്ങള്‍, അനുഭവങ്ങള്‍ ഇവ യുക്തിഭദ്രമായി ഇണക്കിച്ചേര്‍ക്കാന്‍ തുടങ്ങുന്ന ചരിത്രാന്വേഷകന്‍ വിഷമിച്ചു പോകും
എന്നാല്‍ ഏതോ ആദ്ധ്യാത്മികതയുടെ സാന്നിദ്ധ്യം അദ്ദേഹത്തിന്‍റെ അനുഭവസാരങ്ങളില്‍ നിറവായിരുന്നു. യുക്തിയെ നിരാകരിക്കുന്ന സത്യത്തിന്‍റെ വെളിച്ചം അദ്ദേഹത്തിന്‍റെ വര്‍ത്തമാനങ്ങളില്‍ പ്രസരിച്ചിരുന്നു. ഒരു ലോജിക്കിലും അടച്ചൊതുക്കുവാനാവാത്ത ബഷീറിന്‍റെ ജീവിതത്തെക്കുറിച്ച് എഴുതുക. ദുഷ്കരമാണെന്ന് മനസിലാക്കിയ ഞാന്‍ , അദ്ദേഹത്തിന്‍റെ ജീവിതചരിത്രം പൂര്‍ണമാക്കാതെ വിട്ടുകളഞ്ഞു !
അത് ഒരിക്കലും പൂര്‍ത്തിയാക്കാന്‍ എനിക്കു കഴിവില്ല എന്ന് ഇപ്പോഴും ഞാന്‍ കരുതുന്നു. എന്‍റെ കൈയിലെ മുഴക്കോലുകള്‍ അദ്ദേഹത്തിന് പാകമല്ല എന്ന് ബോധ്യമായി. ബഷീറിന്‍റെ മഹത്വം അറിയാന്‍ കഴിയുന്ന പ്രതിഭാശാലിയായ ഒരാള്‍ എന്നെങ്കിലും അദ്ദേഹത്തിന്‍റെ ജീവിതം എഴുതി പൂര്‍ത്തിയാക്കട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുകയും ചെയ്യുന്നു !