അസൈന്മെന്റ് ഉടന്‍ നല്‍കണമെന്ന് വിദ്യാധരന് സാറ് പറഞ്ഞപ്പോഴാണ് അതേക്കുറിച്ച് കാര്യമായ ആലോചന തുടങ്ങിയത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്തിട്ടേ പ്രയോജനമുള്ളൂ. അത്ര പെട്ടെന്ന് മറ്റുള്ളവര്‍ക്ക് ചെയ്യാനാവാത്ത എന്തെങ്കിലും ഒന്ന്.
ഞാനിതേക്കുറിച്ച് സുഹൃത്ത് രവിയോട് പറഞ്ഞു. അയാള്‍ക്ക് കുറെ ബന്ധങ്ങളൊക്കെയുണ്ട്. ആ വഴിക്ക് ശ്രദ്ധേയമായ ഒരു ഇന്റര്‍വ്യൂവോ, വിവാദമായേക്കാവുന്ന ഒരു സ്റ്റോറിക്കുള്ള സ്പാര്‍ക്കോ കിട്ടിയേക്കും എന്നായിരുന്നു എന്റെ പ്രതീക്ഷ. കേട്ടപാടെ രവി പറഞ്ഞതിങ്ങനെയാണ്.
- അങ്ങനെയെങ്കില്‍ നീ സെക്സ് വര്‍ക്കേഴ്സിനെ തോണ്ട്, എന്തെങ്കിലും കാര്യമായി തടയും.
അവന് തമാശയായാണ് പറഞ്ഞത് എങ്കിലും ആ നിമിഷം തന്നെ ഞാന്‍ തീരുമാനിച്ചു - വേശ്യാവൃത്തിയുടെ ഇരുണ്ട കയങ്ങള്‍ തന്നെ എന്റെ അസൈന്മെന്റിനുള്ള വിഷയം.
സെക്സ് വര്‍ക്കേഴ്സിനെ ഇന്റര്‍വ്യൂ ചെയ്യുക ഒരു വലിയ ദൗത്യം തന്നെയാണെന്ന് രണ്ട് ദിവസത്തിനുള്ളില്‍ എനിക്ക് മനസിലായി. എന്നെ സഹായിക്കാന്‍ രവിയോട് ഞാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അവന് തൊഴുതുകൊണ്ട് പിന്മാറി.
തിരുവനന്തപുരത്തെ ഊടുവഴികളിലൂടെ രാത്രികളില്‍ ഞാനിറങ്ങി നടന്നു. ചിലരെയൊക്കെ കണ്ടെങ്കിലും അഭിമുഖം തരപ്പെട്ടില്ല. കുറെപ്പേരുടെ ചീത്ത കേള്‍ക്കുകയും ചെയ്തു. എങ്കില്പിന്നെ ഒരു എക്സ്ക്ളുസീവ് അഭിമുഖം ഒപ്പിച്ചിട്ടുതന്നൈയെന്ന് പ്രതിജ്ഞയെടുത്തിറങ്ങിയ രാത്രിയിലാണ് എന്റെ മുന്പില് ജയ വന്നുപെട്ടത്.
അവള് വെളുത്ത് തടിച്ച ഒരു സുന്ദരിയായിരുന്നു. ഒരു ഓട്ടോയില്‍ വന്നിറങ്ങിയ അവള് കൈവീശി യാത്രപറഞ്ഞ ശേഷം ഇരുട്ടിലേക്കിറങ്ങുന്നതു കണ്ട് ഞാന്‍ പിന്നാലെ ചെന്നു. അടുത്ത ഒരു കോള്‍ എന്നു കണ്ടാവണം വശ്യമായി ചിരിച്ചുകൊണ്ട് എന്റെയടുത്തു വന്നു. മുപ്പതിനടുത്തേ അവള്‍ക്ക് പ്രായം വരൂ.
ഞാന്‍ എന്റെ ആവശ്യം പറഞ്ഞു. എനിക്ക വേറൊന്നും വേണ്ട. ഒരു ഇന്റര്‍വ്യൂ തരണം. പണം ഞാന്‍ തരാം.
ജയ എന്നോട് ദേഷ്യപ്പെട്ടു. രാത്രിയില്‍ അവളുടെ പണിമുടക്കി ഇന്റര്‍വ്യൂ ഒന്നും തരാന്‍ പറ്റില്ലത്രേ! പകല്‍ താമസിക്കുന്നിടത്തു ചെല്ലാന്‍ വഴിയും പറഞ്ഞു തന്നിട്ട് അവള് നടന്നുപോയി.
എനിക്ക് എന്തു ചെയ്യണമെന്ന് ആശയക്കുഴപ്പമുണ്ടായി. ഒരു വേശ്യയുടെ താമസസ്ഥലത്തു ചെല്ലുന്നതിനെ, അതും പകല്‍, എന്റെ അഭിമാനബോധം തടഞ്ഞു. എന്നാല്‍ എങ്ങനെയും അഭിമുഖം വേണമെന്ന ആവശ്യവ്യം മുന്നിലുണ്ട്. എന്തും വരട്ടെ, പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
ജയ എന്നെ ചിരിയോടെയാണ് സ്വീകരിച്ചത്. എനിക്ക് ചായയിട്ടുതന്നു. ഏറെ വേദനകള്‍ നിറഞ്ഞ ജീവിതത്തെപ്പറ്റി കുറേ പറഞ്ഞു. അച്ഛനെ പോലെ കരുതിയ വ്യക്തി നശിപ്പിച്ചപ്പോള്‍ ജീവിതത്തിനു മുന്നില്‍ നടുങ്ങിനിന്ന കാലത്തെ വിവരിച്ചു. അവളുടെ കണ്ണീര് മറ്റാരുടേതിനേക്കാള്‍ പവിത്രമാണെന്ന് എനിക്കു തോന്നി. അവളുടെ ദുഃഖം സത്യസന്ധവും.
എന്തായാലും, എനിക്ക് ഏറെ അഭിനന്ദനം കിട്ടി ആ അസൈന്മെന്റിന് ഞാന്‍ വിചാരിച്ചതിനേക്കാള്‍ അത് സ്വീകരിക്കപ്പെടുകയും ചെയ്തു.
കുറെക്കാലം കഴിഞ്ഞ്, ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയിട്ട് രാത്രിയില്‍ മടങ്ങിവരികയാണ്. ഇപ്പോള്‍ തിരുവനന്തപുരത്തെ വെട്ടുവഴികള്‍ പോലും എനിക്ക് പരിചിതമാണ്. നല്ല നിലാവുണ്ട്, മാത്രമല്ല കാപ്പി പൂത്തതിന്റെ സുഗന്ധവും. ദൂരെ നിന്ന് ഒരു സ്ത്രീ നടന്നു വരുന്നത് ഞാന്‍ കണ്ടു; അത് അവളായിരുന്നു , ജയ.
എന്നെ കണ്ട് ഒന്നു ചിരിച്ചു. എവിടെപ്പോയി വരുന്നു എന്ന് ഞാന്‍ ചോദിച്ചില്ല, വെറുതെ കുശലം ചോദിച്ച് യാത്ര പറഞ്ഞു. കുറെ നടന്നിട്ട്, ഒരു വേള ഞാന്‍ തിരിഞ്ഞുനോക്കി. ദൂരേയ്ക്ക് പോകുന്ന സൗന്ദര്യധാമം!
രാത്രിയാണ്, പരിസരത്തെങ്ങും ആരുമില്ല. പത്രപ്രവര്‍ത്തകന്റെ അഭിമാനത്തിന് മുറിുപറ്റാന്‍ മാത്രം ആരും അറിയാനും പോകുന്നില്ല. ഒരു വേശ്യപ്പെണ്ണിനെ അനുഭവിക്കുന്നതില്‍ ആരോടാണ് സദാചാരമര്യാദ പാലിക്കേണ്ടത്?
ഞാന്‍ തിരിഞ്ഞ് ജയയുടെ പിറകെ നടന്നു. അവള് പതിയെയാണ്. ഞാന്‍ അടുത്തു ചെന്നു. ഒരാണിന്റെ സാമീപ്യം അവള്‍ക്ക് വേഗം തിരിച്ചറിയാമല്ലോ. തിരിഞ്ഞ് എന്നെ കണ്ടതും അതിശയഭാവത്തില്‍
- പോയില്ലേ?
- ഇല്ല
ഞാന്‍ വിറയ്ക്കുകയായിരുന്നു. അവളുടെ സൗന്ദര്യം മദിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായി "അരുതാത്തത് ' ചെയ്യുന്നു എന്ന വിചാരം അലട്ടുന്നുമുണ്ട്. എങ്കിലും ധൈര്യത്തോടെ ഞാനാ കയ്യില്‍ കടന്നുപിടിച്ചു.
അവള്‍ക്ക് കാര്യം മനസിലായെന്നു തോന്നുന്നു. എന്റെ മുഖത്തേക്കാണ് അവള് നോക്കുന്നതെന്ന് മനസിലായി, ആ ഭാവം തിരിച്ചറിയാന്‍ പറ്റുന്നില്ല. ഞാനവളെ എന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ ശ്രമിച്ചു.
പെട്ടെന്നാണ് അടി വീണത്. ഞാന്‍ ഞെട്ടിത്തരിച്ചു പോയി. എന്റെ മുഖം വേദനകൊണ്ട് വിങ്ങി.
- നിനക്കൊന്താണ് വേണ്ടത്? തെരുവു വേശ്യയുടെ ഒരു രാത്രിയോ?
ഞാന്‍ വല്ലാതെ വിയര്‍ത്തു. കണ്ണ് നിറഞ്ഞു വരുന്നു. അവള് എന്നെ തള്ളിമാറ്റി. ഞാന്‍ അനങ്ങാതെ നിന്നു. ഞാന്‍ തെറ്റു ചെയ്തോ എന്ന് എന്നോടുതന്നെ ചോദിച്ചു. ജയ എന്റെ മുന്നില്‍ നിന്ന് കരയുകയാണ്. ഞാനെന്താണ് ചെയ്തത്? എനിക്കൊന്നും മനസിലായില്ല.
വീണ്ടും ഞാന്‍ അവളുടെ കയ്യില്‍ തൊട്ടു.
- മാപ്പ്
എന്റെ സ്വരം ഇടറിയിരുന്നു. അവള് എന്റെ നെറ്റിയില്‍ ഉമ്മവച്ചു.
- നീ നന്നായി വരും. ഒരു വേശ്യയുടെ ശരീരമല്ല നീയറിയേണ്ടത്.
അവള് നടന്നു. ഞാന്‍ ഏതോ ഒരു കാലത്തായിരുന്നു. ആ ചുണ്ടുകളുടെ പൊള്ളല്‍ എന്റെ നെറ്റിയില്‍ നിന്ന് മാറിയിരുന്നില്ല.