മാരുതി ആള്‍ട്ടോയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ മൈലേജ് കൂടിയ ചെറുകാറുമായി ടൊയോട്ട!

ചൊവ്വ, 10 ജനുവരി 2017 (10:28 IST)
അധിക ഇന്ധനക്ഷമതയും കൂടുതൽ സുരക്ഷിതവുമായ ചെറുകാർ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാൻ ടൊയോട്ട കിർലോസ്കർ മോട്ടോര്‍സ് ഒരുങ്ങുന്നു. തങ്ങളുടെ ഉപസ്ഥാപനമായ ഡയ്ഹാറ്റ്സുവുമായി ചേര്‍ന്ന് പുതുവർഷത്തിൽ രൂപീകരിച്ച സംയുക്ത സംരംഭമായ എമേർജിങ് കോംപാക്ട് കാർ കമ്പനിക്കാവും ഈ കാറിന്റെ നിര്‍മാണ ചുമതല.  2020 ആകുമ്പേഴേക്കും പുതിയ കാർ വിൽപ്പനയ്ക്കെത്തിക്കാനാണു ടൊയോട്ടയുടെ നീക്കം.
 
വികസ്വര വിപണികൾക്കായി ആകർഷകമായ കാറുകൾ വികസിപ്പിക്കുന്നതിൽ ഡയ്ഹാറ്റ്സുവിനുള്ള മികവാണു ഈ പുതിയ സംരംഭത്തിൽ ടൊയോട്ടയ്ക്കു പ്രതീക്ഷയേകുന്നത്. പുതിയ മോഡലിന്റെ അവതരണം വഴി ഇന്ത്യൻ ചെറുകാർ വിപണി അടക്കി വാഴുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിനും വെല്ലുവിളി ഉയർത്താനാവുമെന്നാണു ടൊയോട്ട പ്രതീക്ഷിക്കുന്നത്. 
 
നിലവിലുള്ള കാറുകൾക്ക് വിലയുടെ കാര്യത്തിലുള്ള ആകർഷണീയതയെ ഉയർന്ന ഇന്ധനക്ഷമതയും മെച്ചപ്പെട്ട സുരക്ഷയും വഴി നേരിടാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്ത്യയിൽ വ്യാപക വിൽപ്പന ലക്ഷ്യമിട്ട് പുറത്തിറക്കിയ ‘എത്തിയോസിനും’ ഹാച്ച്ബാക്ക് ‘എത്തിയോസ് ലിവ’യ്ക്കും ഇന്ത്യയിലെ വിൽപ്പനയിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാത്തതിനാലാണ് മത്സരക്ഷമമായ വിലയ്ക്കു കാർ വികസിപ്പിക്കാൻ ഡയ്ഹാറ്റ്സുവിനുള്ള വൈഭവം മുതലെടുക്കാൻ ടൊയോട്ട പദ്ധതിയിടുന്നത്.

വെബ്ദുനിയ വായിക്കുക