ആഗോളതലത്തിലെ വാഹനവിൽപനയിൽ റെക്കോർഡ് നേട്ടവുമായി റെനോ. കഴിഞ്ഞ വർഷം 31.30 ലക്ഷത്തിനടുത്ത് വാഹനങ്ങൾ വിറ്റഴിക്കാൻ കഴിഞ്ഞതായും അതിലൂടെ 13% വളർച്ച നേടാൻ സാധിച്ചതായും റെനോ അറിയിച്ചു. യൂറോപ്പിലും ഇന്ത്യയിലും മികച്ച വിൽപ്പന കൈവരിച്ചതിനൊപ്പം ഇറാനിൽ പ്രവർത്തനം പുനഃരാരംഭിക്കാൻ കഴിഞ്ഞതും 2016ലെ പ്രകടനം മെച്ചപ്പെടുത്തിയെന്നാണു റെനോയുടെ കണക്കുകൂട്ടൽ.
ആദ്യകാലങ്ങളിൽ വാഹന വിൽപ്പനയ്ക്കായി റെനോ യൂറോപ്പിനെ ആശ്രയിച്ചിരുന്നു. അതിനോടും കമ്പനി ഇപ്പോൾ വിട പറഞ്ഞിട്ടുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ വാഹന വിൽപ്പനമെച്ചപ്പെട്ടതാണു റെനോയ്ക്കു തുണയായത്. 2015ലെ ആകെ വിൽപ്പനയുടെ 57.6% യൂറോപ്പിന്റെ സംഭാവനയായിരുന്നു; 2016ലാവട്ടെ യൂറോപ്പിന്റെ വിഹിതം 56.7% ആയി കുറയുകയും ചെയ്തു.