പെട്രോൾ-ഡീസൽ വില വീണ്ടും ഉയർന്നു, ആറ് ദിവസത്തിനിടെ കൂടിയത് 3.42 രൂപ

വെള്ളി, 12 ജൂണ്‍ 2020 (12:38 IST)
രാജ്യത്ത് തുടർച്ചയായ ആറാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ വർധനവ്. പെട്രോളിന് 57 പൈസയും ഡീസലിന് 59 പൈസയുമാണ് ഇന്നലെ വർധിച്ചത്. ഇതോടെ ആറ് ദിവസത്തിനിടെ പെട്രോൾ വില 3.31 രൂപയും ഡീസലിന് 3.42 രൂപയും വർധിച്ചു.ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.57 രൂപയിലാണ് വിൽപന നടക്കുന്നത്.ഡീസൽ 72.81 രൂപ.
 
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില നാലര മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.എങ്കിലും 40 ഡോളറിന് താഴെയാണ് ബാരലിന് വില. നേരത്തെ ഏപ്രിലില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇവിടെ വില മാറിയിരുന്നില്ല.പകരം പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും തീരുവ വർദ്ധിപ്പിക്കുകയാണ് കേന്ദ്രം ചെയ്‌തത്.
 
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതിവര്‍ധന എണ്ണക്കമ്പനികളുടെ ലാഭത്തെ ബാധിച്ചെന്നാണ് ഇപ്പോഴത്തെ വിലവര്‍ധനയ്ക്ക് കാരണമായി പറയുന്നത്.ഇതുമൂലമുള്ള നഷ്ടം പരിഹരിക്കാൻ ദൈനംദിന വിലനിര്‍ണയപ്രകാരം വില വർധിപ്പിക്കുന്നതിനാണ് കമ്പനികൾ ആലോചിക്കുന്നത്. അതിനാൽ തന്നെ വരും ദിനങ്ങളിലും ഇന്ധനവില ഉയർന്നേക്കാനാണ് സാധ്യത.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍