ഒപെക് എണ്ണയുത്പാദനം കുറയ്ക്കില്ലെന്ന് പ്രഖ്യാപിച്ചു
എണ്ണ ഉൽപാദനം കുറയ്ക്കില്ലെന്ന് പ്രമുഖ എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടയ്മയായ ഒപെക് തീരുമാനിച്ചു. പ്രതിദിന ഉത്പാദനം മൂന്നു കോടി ബാരൽ (477 കോടി ലീറ്റർ) ആയി നിലനിർത്താനാണ് തീരുമാനിച്ചത്. എന്നാല്‍ തീരുമാനം ആറുമാസത്തേക്ക് മാത്രമാണ്. കഴിഞ്ഞ നവംബറിലും ഒപെക് യോഗത്തിന്റെ തീരുമാനം ഉൽപാദനം വെട്ടിക്കുറച്ച് എണ്ണവില ഉയർത്തേണ്ടതില്ലെന്നായിരുന്നു.
ഇന്നലെ ഒപെക് യോഗതീരുമാനം എന്തായിരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ആഗോള വിപണിയിൽ എണ്ണവില ബാരലിന് 62 ഡോളർ നിലവാരത്തിൽ നിന്ന് അധികം കൂടുകയോ കുറയുകയോ ചെയ്തില്ല. യുഎസിലെ ഷെയ്ൽ ഓയിൽ ഉൽപാദനം കാരണം പെട്രോളിയത്തിന്റെ വില കൃത്രിമമായി ഉയർത്താൻ തങ്ങൾക്ക് ഇനി ആവില്ലെന്ന് ഒപെക് യോഗത്തിനുശേഷം സെക്രട്ടറി ജനറൽ അബ്ദുല്ല സലേം അൽ ബദ്‌രി പറഞ്ഞു. ‘ബാരലിന് 100 ഡോളർ എന്നത് ഇനി അസാധ്യമാണ്. നമ്മുടെ എണ്ണയ്ക്ക് ഇപ്പോൾ അത്ര മൂല്യമില്ല’ അദ്ദേഹം പറഞ്ഞു.