കിടിലന്‍ കോസ്മെറ്റിക് പരിവർത്തനങ്ങൾക്ക് വിധേയമായ 'ലിവ് ഫോർ മോർ എഡിഷൻ' എന്ന ക്വിഡിന്റെ പുത്തൻ പതിപ്പിനെ റിനോ ഇന്ത്യ വിപണിയിലെത്തിച്ചു. അകത്തും പുറത്തും അടിമുടി മാറ്റങ്ങളുമായാണ് ഈ പ്രത്യേക പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വേരിയന്റുകൾക്ക് അനുസരിച്ച് 2.65ലക്ഷം മുതൽ 4.32ലക്ഷം വരെയാണ് ക്വിഡിന്റെ വില. അതേ വിലയ്ക്ക് തന്നെയാകും പുതിയ പതിപ്പും ലഭ്യമാകുക.
നിലവിലുള്ള ക്വിഡിന്റെ 0.8ലിറ്റർ, 1.0ലിറ്റർ മോഡലുകളിലാണ് ഈ പ്രത്യേക പതിപ്പിനെ അവതരിപ്പിച്ചിരിക്കുന്നത്. വെള്ള നിറമുള്ള കാറിൽ ചുവപ്പ്, ഗ്രേ എന്നീ നിറങ്ങളിലുള്ള രണ്ടു ലൈനുകൾ മുന്നിൽ നിന്നു തുടങ്ങി പിൻഭാഗത്തേക്ക് നീളുന്ന തരത്തിലാണ് വാഹനത്തിന്റെ എക്സ്റ്റീരിയർ ഡിസൈൻ. വാഹനത്തിന് ഒരു സ്പോർടി ലുക്ക് നല്‍കുന്ന തരത്തില്‍ അതേ രണ്ടുവരകൾ വശങ്ങളിലേക്കും നീളുന്നതായി കാണാന്‍ സാധിക്കും.
മുൻവശത്തെ ഗ്രില്ലിനെ കൂടുതൽ ആകർഷകമാക്കുന്നതിനായി റെഡ്, ഗ്രെ എന്നിങ്ങനെയുള്ള അക്സെന്റുകളും നൽകിയിട്ടുണ്ട്. അതെ റെഡ്, ഗ്രെ ഡിസൈൻ തന്നെയാണ് വാഹനത്തിന്റെ വീൽ ക്യാപ്പിലും നല്‍കിയിട്ടുള്ളത്.
ഇതേ കളറിലുള്ള തീം തന്നെയാണ് കാറിന്റെ ഉൾഭാഗത്തും ഉപയോഗിച്ചിട്ടുള്ളത്. ത്രീ സ്പോക് സ്റ്റിയറിംഗ് വീൽ, സീറ്റുകൾ, ഡോർ ട്രിം, അപ്ഹോൾസ്ട്രെ എന്നിവടങ്ങളിലും ഇതേ ഡ്യുവൽ ടോൺ ഡിസൈനാണ് നൽകിയിട്ടുള്ളത്.
ഈ പുതിയ പതിപ്പിലും ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള അക്സസറികൾക്ക് മാത്രമായി 20,000രൂപ അധികം ഈടാക്കുന്നതല്ലാതെ ഈ പ്രത്യേക പതിപ്പിന് വില വർധനവൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിനോടൊപ്പം ഒരു ലിറ്റർ ക്വിഡിൽ ഓപ്ഷണലായി എഎംടിയും ഘടിപ്പിച്ചിട്ടുണ്ട്.