കേരളത്തിന്റെ തനത് വിഭവമായ നീര പൊതുവിപണിയിലേക്ക് പ്രവേശിക്കുന്നു. നിലവില്‍ നീലേശ്വരം കാര്‍ഷികഗവേഷണകേന്ദത്തിലും പടന്നക്കാട് കാര്‍ഷിക കോളേജിലും ഏലത്തൂരിലെ നാളികേരവികസന കോര്‍പ്പറേഷന്റെ യൂണിറ്റിലും വില്‍ക്കുന്നുണ്ടെങ്കിലും വ്യാപകമായി വിപണിയിലെത്തിച്ച് ജനപിന്തുണ നേടിയെടുകുകയാണ് അണിയറക്കാരുറ്റെ ലക്ഷ്യം.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പൊതുവിപണിയിലിറക്കാനാണ് നാളികേരവികസന കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുക്കുന്നത്. 200 മില്ലിലിറ്റര്‍ ഉള്‍ക്കൊള്ളുന്ന കുപ്പികളിലാക്കിയാണ് നീര വിപണിയിലെത്തുക. കുപ്പിയൊന്നിന് 30 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. നീര എല്ലാവരിലും എത്തിക്കുക എന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 14 ജില്ലകളിലും ഔട്ട്‌ലെറ്റുകള്‍ സ്ഥാപിച്ചാണ് വില്‍പ്പന നടത്തുക.
ആദ്യഘട്ടത്തില്‍ 2,000 ലിറ്റര്‍ നീരയാണ് വിപണിയിലെത്തിക്കുക. ഇതില്‍ 1000 ലിറ്റര്‍ പടന്നക്കാട് കാര്‍ഷിക കോളേജില്‍നിന്നും ബാക്കി ഏലത്തൂരിലെ കോര്‍പ്പറേഷന്റെ യൂണിറ്റില്‍നിന്നും സംസ്‌കരിക്കും. മൂന്നുമാസംവരെ കേടുവരാത്ത രീതിയിലാണ് സംസ്‌കരിക്കുക. അഞ്ച് തെങ്ങ് നല്‍കാന്‍ തയ്യാറുള്ള കര്‍ഷകരില്‍നിന്ന് അതുവാങ്ങി അതത് സ്ഥലത്ത് സൊസൈറ്റികള്‍ രൂപവത്കരിച്ച് നീരയുടെ ഉത്പാദനം കൂട്ടാനും കോര്‍പ്പറേഷന്‍ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്.
ഇത്തരം ചെറുകിട നീര കര്‍ഷകര്‍ക്ക് നീര ലിറ്ററൊന്നിന് 30 രൂപ നല്‍കുമെന്നാണ് നാളികേര വികസന കോര്‍പ്പറേഷന്‍ അറിയിച്ചിരിക്കുന്നത്. പ്രോട്ടീന്‍, കാല്‍സ്യം, പൊട്ടാസ്യം, സോഡിയം എന്നീ പ്രകൃതിജന്യ പോഷകങ്ങള്‍ അടങ്ങിയ നീര ഇളനീര്‍ പോലെ ആരൊഗ്യ ദായകമാണ്.