അഡ്വഞ്ചർ ടൂറർ ശ്രേണിയിലേക്ക് കൂടുതൽ കരുത്തനായി റോയൽ എൻഫീൽഡ് ഹിമാലയന്‍ !

ശനി, 27 മെയ് 2017 (09:03 IST)
വിലകുറഞ്ഞ അഡ്വഞ്ചർ ബൈക്ക് സെഗ്മെന്റിലേക്ക് ഹിമാലയന്റെ കരുത്തു കൂടിയ വകഭേദവുമായി റോയൽ എൻഫീൽഡ് എത്തുന്നു. കഴിഞ്ഞ വർഷം മാർച്ചില്‍ പുറത്തിറങ്ങിയ ഹിമാലയന് ഓൺ റോഡിലും ഓഫ് റോഡിലും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. തുടര്‍ന്നാണ് ഈ ബൈക്കിന്റെ കരുത്തു കൂടിയ വകഭേദത്തെ പുറത്തിറക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്. 
 
കരുത്തുകൂടിയ ഈ അഡ്വഞ്ചർ ടൂറർ പുറത്തിറക്കുന്നതോടെ മിഡിൽ വെയ്റ്റ് ക്യാറ്റഗറിയിൽ ഒന്നാമതാകുകയാണ് ലക്ഷ്യമെന്ന് റോയൽ എൻ‌ഫീൽഡിന്റെ ഉടമസ്ഥരായ എയ്ഷർ മോട്ടോഴ്സ് സി.ഇ.ഒ സിദ്ദാര്‍ഥ് ലാല്‍ പറഞ്ഞു.  നേരത്തെ റോയൽ എൻഫീൽഡ് 750 സിസി ബൈക്ക് പുറത്തിറക്കുന്നതായുള്ള വാർത്തകൾ വന്നിരുന്നു. ഇതേ എൻജിൻ തന്നെയായിരിക്കും പുതിയ ഹിമാലയനിലും ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ചരിത്രത്തിൽ തന്നെ ആദ്യമായാണ് റോയൽ എൻഫീൽഡ് ട്വിൻ സിലിണ്ടർ എൻജിൻ വികസിപ്പിക്കുന്നത്. റോയൽ എൻഫീൽഡ് ഇന്നുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവുമധികം ശേഷിയും കരുത്തുമുള്ള എൻജിനായിരിക്കും ഇത്. ഏകദേശം 45 മുതൽ 50 ബിഎച്ച്പി വരെ കരുത്തും 60 മുതൽ 70 എൻഎം വരെ ടോർക്കുമുള്ള ഈ എൻജിനിൽ കാർബറേറ്ററായിരിക്കും ഉപയോഗിക്കുകയെന്നും സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക