സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയിലൂടെ ലോകവിപണിയില്‍ കരുത്തരായ സാംസംഗിന് ഇന്ത്യയില്‍ കാലിടറുന്നു. ഇന്ത്യക്കാര്‍ക്ക് പ്രിയം സ്വദേശിയോടാണ് എന്നതിനാല്‍ സാംസംഗിനേക്കാള്‍ ഇന്ത്യന്‍ വിപണിയില്‍ മൈക്രോമാക്സ് കരുത്താര്‍ജിക്കുന്നതായാണ് വിവരം. നേരത്തെ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസംഗിനുണ്ടായിരുന്ന അപ്രമാധിത്വം ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്സ് തകര്‍ത്തുകളഞ്ഞു. പ്രമുഖ വിപണി ഗവേഷകരായ സി- അനാലിസിസാണ് മൈക്രോമാക്സ് കൈവരിച്ച നേട്ടം പുറത്തുകൊണ്ടുവന്നത്.
ഫെബ്രുവരി 3ന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഇപ്പോള്‍ മൈക്രോമാക്സിന്റെ കാലമാണ്. സി- അനാലിസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 22 ശതമാനം മൈക്രോമാക്സിന്റെ കൈയ്യിലാണ്. രണ്ടാം സ്ഥാനത്തെത്തിയ സാംസംഗിന്റേത് 20 ശതമാനവും. ഇന്ത്യന്‍ കമ്പനികളായ കാര്‍ബണും ലാവയുമാണ് മൂന്നും നാലും സ്ഥാനത്തെത്തിയത്.
കുറഞ്ഞ വിലയിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ രംഗത്തിറക്കിയാണ് രണ്ടുരാജ്യങ്ങളിലേയും സ്മാര്‍ട്ട്‌ഫോണ്‍ വിപണികള്‍ വളരുന്നത്. ഇന്ത്യയില്‍ മൈക്രോമാക്സിനെ വളരാന്‍ സഹായിച്ചത് 6000 മുതല്‍ 12,000 രൂപ വരെ വിലവരുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ വൈവിധ്യമാര്‍ന്ന ശേഖരങ്ങളാണ്.