രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ മൾട്ടി പർപ്പസ് വാഹനമായ എർടിഗയുടെ പരിമിതക്കാല പതിപ്പ് അവതരിപ്പിച്ചു. അകത്തും പുറത്തുമായി ഒട്ടനവധി ആകര്‍ഷകമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പുതിയ എര്‍ടിഗ അവതരിപ്പിച്ചിരിക്കുന്നത്. 7.85 ലക്ഷം മുതൽ 8.10 ലക്ഷം രൂപവരെയാണ് ഡല്‍ഹി ഷോറൂമില്‍ ഈ വാഹനത്തിന്റെ വില.
ആകർഷക ബോഡി കളറിൽ ക്രോം ഫോഗ് ലാമ്പ്, ക്രോം ബോഡി സൈഡ് മോൾഡിംഗ്, അലോയ് വീൽ എന്നിങ്ങനെയുള്ള എക്സ്റ്റീരിയർ ഫീച്ചറുകള്‍ പുതിയ വാഹനത്തിനു നല്‍കിയിട്ടുണ്ട്. ഫ്രണ്ട് സീറ്റ് ആംറെസ്റ്റ്, ഡ്യുവൽ ടോൺ സ്റ്റിയറിംഗ് വീൽ കവർ, വുഡൻ ഫിനിഷിംഗ് സ്റ്റൈലിംഗ് കിറ്റ്, കുഷ്യൻ പില്ലോ, വൈറ്റ് ആംബിയന്റ് ലൈറ്റ്, സീറ്റ് കവർ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന സവിശേഷതകള്‍.
വിഡിഐ, വിഎക്സ്ഐ എന്നീ രണ്ട് വകഭേദങ്ങളില്‍ സിൽകി സിൽവർ, എക്വിസിറ്റ് മെറൂൺ, സുപീരിയർ വൈറ്റ് എന്നീ നിറങ്ങളിലാണ് എർടിഗയുടെ ലിമിറ്റഡ് എഡിഷൻ ലഭ്യമാവുക. രാജ്യത്ത് എർടിഗയുടെ വില്പന ഒന്നുകൂടി ശക്തപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിമിതക്കാല എഡിഷനുമായി മാരുതി എത്തിയിരിക്കുന്നതെന്ന് മാർക്കെറ്റിംഗ് തലവൻ ആർ എസ് കലാസി പറഞ്ഞു.