സോണറ്റ് എന്ന ചെറു എസ്‌യുവിയെ ഡൽഹി ഓട്ടോ എക്സപോയിൽ കിയ പ്രദർശിപ്പിച്ചിരുന്നു, വാഹനം ഈ വർഷം ആഗസ്റ്റിൽ വിപണിയിൽ എത്തും. മാരുതി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട്, ഹ്യുണ്ടേയ് വെന്യു തുടങ്ങിയ വാഹങ്ങൾക്ക് കടുത്ത മത്സരം തന്നെയായിരിക്കും സോണറ്റ് ഒരുക്കുക. 7 ലക്ഷം മുതൽ 11.5 ലക്ഷം വരെയാണ് സോണറ്റിന് പ്രതിക്ഷിക്കപ്പെടുന്ന വില.
ഹ്യുണ്ടേയ്‌യുടെ ചെറു എസ്‍യുവിയായ വെന്യുവിന്റെ പ്ലാറ്റ്ഫോമിൽ തന്നെയാണ് സോണറ്റും ഒരുക്കിയിരിക്കുന്നത് എങ്കിലും കാഴ്ചയിലത് തോന്നുകയില്ല. വാഹനത്തിന്റെ ഡിസൈൻ ശൈലിയിൽ അത്രത്തോളം മാറ്റങ്ങൾ ഉണ്ട്. കിയയുടെ അടയാളമായ ടൈഗർ നോസ് ഗ്രില്ലും മെഷ് പാറ്റേണും സോണറ്റിന് കരുത്തൻ ലുക്ക് നൽകുന്നു. ഹെഡ്‌ലാമ്പുകളും ഡിഎൽആറും ഒത്തിണക്കിയാണ് നൽകിയിരിക്കുന്നത്.
സെൽടോസിൽ നൽകിയിരിക്കുന്ന അതേ 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റമാണ് സോണറ്റിലുമുള്ളത്. സെൽടോസിൽ നൽകിയിരിക്കുന്ന മറ്റു നിരവധി ഇന്റീരിയർ ഫീച്ചറുകളും സോണറ്റിലും നൽകിയിട്ടുണ്ട്. 1.2 ലീറ്റർ പെട്രോൾ, 1.0 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എന്നീ എഞ്ചിൻ വകഭേതങ്ങളിലായിരിക്കും സോണറ്റ് വിപണിയിൽ എത്തുക.