ഗ്രാന്റ് കമാൻഡര്‍ എന്ന പേരില്‍ ഒരു തകര്‍പ്പന്‍ എംയുവിയുമായി പ്രമുഖ അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് എത്തുന്നു. 2017ല്‍ ഷാങ്ഹായ് ഓട്ടോഷോയിൽ അവതരിപ്പിച്ച യുന്റു കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലായിരിക്കും പുതിയ കമാൻഡര്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വർഷം ഏപ്രിലിൽ ബീജിങ്ങില്‍വെച്ചു നടക്കുന്ന ഓട്ടോഷോയിലായിരിക്കും പുതിയ വാഹനം പ്രദർശിപ്പിക്കുക.
ജീപ്പ് നിരയിലെ ഗ്രാന്‍ഡ് ചെറോക്കിയുടേതിനു സമാനമായ ഡിസൈനും രൂപവും പുതിയ എസ്.യു.വി.യിലും പ്രതിഫലിക്കും. ടുവീൽ ഡ്രൈവ്, ഫോർ വീല്‍ മോഡലുകളുമായെത്തുന്ന ഈ വാഹനം ലിമിറ്റഡ്, ലോഞ്ചിട്യൂഡ് എന്നീ രണ്ടു വേരിയന്റുകളിലായിരിക്കും വിൽപ്പനയ്ക്കെത്തുക. ജീപ്പിന്റെ മുഖമുദ്രയായ ഏഴ് സ്ലോട്ട് ക്രോം ഗ്രില്‍ പുതിയ ഗ്രാന്റ് കമാന്‍ഡറിലും അതുപോലെ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനയിൽ പുറത്തിറങ്ങുന്ന കമാന്‍ഡറിന് 2 ലീറ്റർ പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. 270 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമാണ് ഈ എൻജിന്‍ ഉല്പാദിപ്പിക്കുക. 1892 എംഎം വീതിയും 4873 എംഎം നീളവും 1738 എംഎം പൊക്കവും 2800 എംഎം വീൽബെയ്സുമാണ് വാഹനത്തിനുള്ളത്. തുടക്കത്തിൽ ചൈനയിലും അമേരിക്കയിലും പുറത്തിറങ്ങുന്ന വാഹനം ഇന്ത്യയില്‍ എന്നാണ് എത്തുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ജീപ്പ് കോംപസിന് ഇന്ത്യന്‍ വിപണിയില്‍ ലഭിച്ച സ്വീകാര്യത പുതിയ വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് ജീപ്പിനെ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷ. വാഹനത്തിന്റെ വിലയെപ്പറ്റി കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ആഗോള വിപണിയില്‍ റേഞ്ച് റോവര്‍, മെഴ്‌സിഡീസ് ബെന്‍സ് GLS എന്നീ കരുത്തന്മാരുമായിട്ടായിരിക്കും കമന്‍ഡറിന് ഏറ്റുമുട്ടേണ്ടി വരുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.