ജാഗ്വറിന്റെ ആദ്യ ആഡംബര എസ്‌ യു വി, ജാഗ്വർ 'എഫ് പേസ്' ഇന്ത്യന്‍ വിപണിയില്‍

വെള്ളി, 21 ഒക്‌ടോബര്‍ 2016 (15:55 IST)
ജാഗ്വർ ലാന്റ്റോവറിൽ നിന്നുമുള്ള ആദ്യ സ്പോർട്സ് യൂട്ടിലിറ്റി വാഹനം ജാഗ്വർ 'എഫ് പേസ്'ഇന്ത്യയിലെത്തി. ജാഗ്വറിൽ നിന്നുള്ള ആദ്യ പെർഫോമൻസ് എസ്‌യുവി എന്ന നിലയ്ക്ക് ഈ വാഹനത്തിന് മികച്ച സ്വീകാര്യത ലഭിക്കുമെന്നും ജാഗ്വറിന്റെ ഇന്ത്യയിലുള്ള കാർശൃംഖലയുടെ വികസനത്തിലെ പ്രധാന നാഴികകല്ലായിരിക്കും എഫ് പേസ് എന്നും കമ്പനി ഉറച്ച് വിശ്വസിക്കുന്നു. 68.40ലക്ഷമാണ് ഡല്‍ഹി ഷോറൂമിലെ പ്രാരംഭവില.  
 
2.0ലിറ്റർ ഫോർ സിലിണ്ടർ എൻജിൻ, 3.0 ലിറ്റർ വി6 എൻജിൻ എന്നിങ്ങനെയുള്ള രണ്ട് ടർബോചാർജ്ഡ് ഡീസൽ എൻജിനിലാണ് കാർ ലഭ്യമാക്കിയിരിക്കുന്നത്. എഫ് പേസിലുള്ള 2.0ലിറ്റർ എൻജിൻ 180ബിഎച്ച്പിയും 430എൻഎം ടോർക്കും സൃഷ്ടിക്കും. 2.0ലിറ്റർ എൻജിന് പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കുന്നതിനായി വെറും 8.7 സെക്കന്റ് മാത്രമാണ് ആവശ്യമായി വരുന്നത്. മണിക്കൂറിൽ 200 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന വേഗത.
 
3.0ലിറ്റർ വി6 എൻജിനാകട്ടെ 300ബിഎച്ച്പിയും 700എൻഎം ടോർക്കും സൃഷ്ടിക്കും. ഈ എന്‍ജിന്‍ വെറും 6.2 സെക്കന്റുകൊണ്ടാണ് പൂജ്യത്തില്‍ നിന്നു നൂറ് കിലോമീറ്റർ വേഗത കൈവരിക്കുക. ഉയര്‍ന്ന വേഗമാകട്ടെ മണിക്കൂറില്‍ 241 കിലോമീറ്ററുമാണ്. ആംഗ്യങ്ങള്‍ തിരിച്ചറിഞ്ഞ് തുറക്കുന്ന ടെയില്‍ഗേറ്റാണു എഫ് പേസിന്റെ പ്രധാന സവിശേഷത. വാഹനത്തിന്റെ പിൻ ഫ്ളാങ്കിനു താഴെ കാൽ വച്ചുകഴിഞ്ഞാല്‍ തുറക്കുന്ന രീതിയിലാണ് ഈ ടെയിൽഗേറ്റ് രൂപകല്പന ചെയ്തിട്ടുള്ളത്.
 
രണ്ടു ലീറ്റർ ഡീസൽ എൻജിനുള്ള മോഡലിൽ ഓപ്ഷൻ വ്യവസ്ഥയിലും മൂന്നു ലീറ്റർ എൻജിനുള്ള മോഡലില്‍ സ്റ്റാൻഡേഡ് വ്യവസ്ഥയിലുമാണ് ജസ്റ്റർ ടെയിൽഗേറ്റ് ലഭ്യമാകുക. ‘എഫ് പേസി’ന്റെ അകത്തളങ്ങളിലാകട്ടെ പത്ത് നിറങ്ങളുടെ സാധ്യതയോടെയുള്ള ഇന്റീരിയർ മൂഡ് ലൈറ്റിങ്ങാണ് ജഗ്വാർ വാഗ്ദാനം ചെയ്യുന്നത്. മൂന്നു ലീറ്റർ എൻജിനോടെ വിൽപ്പനയ്ക്കുള്ള കാർ റീഗൽ ഹാലികോൺ ഗോൾഡ്, സ്റ്റണ്ണിങ് സീഷ്യം ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാകും. കൂടാതെ റോഡിയം സിൽവർ, അൾട്ടിമേറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫസ്റ്റ് എഡീഷൻ കാറുകളും ലഭിക്കും. 

വെബ്ദുനിയ വായിക്കുക