വാഹന വിപണിയില്‍ കുതിച്ചു പാഞ്ഞ് ഇന്നോവ ക്രിസ്റ്റയും സ്വിഫ്റ്റ് ഡിസയറും പിന്നെ ഹ്യൂണ്ടായ് ക്രെറ്റയും!

ചൊവ്വ, 9 ഓഗസ്റ്റ് 2016 (13:48 IST)
ടൊയോട്ട ഇന്നോവ ക്രിസ്റ്റയും മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയറും ഹ്യൂണ്ടായ് എസ് യു വി ക്രെറ്റയും വാഹന വിപണയില്‍ പുതു ചരിത്രം രചിക്കുന്നു. ഇന്ത്യയിലെ പാസഞ്ചര്‍ വെഹിക്കിള്‍ മോഡലുകളുടെ വില്‍പ്പനയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലാണ് ഇന്നോവ ക്രിസ്റ്റയും മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയറും‍. ഇ ടി ഓട്ടോ പ്രസിദ്ധീകരിച്ച പുതിയ പട്ടികയിലാണ് വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്ന മരുതി ആള്‍ട്ടോയെ പിന്തള്ളി ക്രിസ്റ്റ ഒന്നാമതെത്തിയത്.
 
പുതിയ പട്ടികപ്രകാരം 1449 കോടിരൂപയുടെ വില്പന നടത്തിയാണ് ടൊയോട്ട കിര്‍ലോസ്കാര്‍ മോട്ടോറിന്റെ വിവിധോദ്ദേശ്യ വിഭാഗത്തിലുളള ഇന്നോവ ക്രിസ്റ്റ ഒന്നാമതെത്തിയത്. എന്നാല്‍ 1,103കോടി രൂപയുടെ വില്പന നടത്തിയാണ് മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയര്‍ ഈ പട്ടികയിലെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. അതേസമയം വിപണിയിലെ പുതുമുഖകാരനായ ഹ്യൂണ്ടായ് എസ് യു വി ക്രെറ്റ 952 കോടി രൂപ വില്പന നടത്തി   പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.
 
കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായ് തന്നെയാണ് നാലും അഞ്ചും സ്ഥാനങ്ങള്‍ പങ്കിടുന്നത്. 824കോടി രൂപയുടെ വില്പനയുമായി ഗ്രാന്റ് ഐ 10 നാലാം സ്ഥാനത്തും 787കോടിയുടെ വില്പന നടത്തി എലൈറ്റ് ഐ 20 അഞ്ചാം സ്ഥാനവും പങ്കിടുന്നു. തുടര്‍ന്നുള്ള ആറു മുതല്‍ ഒന്‍പതു വരെയുള്ള സ്ഥാനങ്ങളില്‍ മാരുതി സുസുക്കി തന്നെയാണ്  നില്‍ക്കുന്നത്.  582 കോടി രൂപയുമായി സ്വിഫ്റ്റ് ഹാച്ച് ബാക്കും 557 കോടിയുടെ വില്പനയുമായി വാഗണ്‍ ആറും 530 കോടി വില്പന നടത്തി ബലേനൊയുടെ പ്രീമിയം ഹാച്ച്ബാക്കും 510കോടി രൂപ വില്പനയില്‍ ആള്‍ട്ടോയുമാണ് ഈ പട്ടികയിലുള്ളത്. 
 
338 കോടി രൂപയുടെ വില്പനയുമായി റെനോള്‍ട്ട് ക്വിഡാണ് ഈ പട്ടികയില്‍ പത്താം സ്ഥാനത്തെത്തിയത്. ഹ്യൂണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ബലേനോ റെനോള്‍ട്ട് ക്വിഡ് എന്നീ മുതുമുഖ വാഹനങ്ങള്‍ ഈ പട്ടികയിലെ ആദ്യ പത്തില്‍ സ്ഥാനം പിടിച്ചുയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. അതേസമയം മാരുതി എര്‍ട്ടിഗ, മഹീന്ദ്ര സ്കോര്‍പിയോ, ഫോര്‍ഡ് എക്കോസ്പോര്‍ട്ട് തുടങ്ങിയ ആഡംബര എസ് യു വികള്‍ക്ക് ഈ പട്ടികയില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞില്ലയെന്നത് മറ്റൊരു പ്രത്യേകതയാണ്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക