റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് ക്രൂഡോയിൽ വാങ്ങാനുള്ള ഇന്ത്യൻ നീക്കത്തെ എതിർക്കാതെ യുഎസ്, ആർക്കൊപ്പമെന്നത് ചിന്തിക്കണമെന്ന് യുഎസ്

ബുധന്‍, 16 മാര്‍ച്ച് 2022 (13:59 IST)
റഷ്യയിൽ നിന്ന് കുറഞ്ഞ വിലയിൽ ക്രൂഡോയിൽ വാങ്ങാനുള്ള ഇന്ത്യൻ നീക്കത്തെ എതിർക്കാതെ യുഎസ്. യുക്രെയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്കെതിരെ യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങളുടെ ലംഘനമല്ല ‌ഇന്ത്യൻ തീരുമാനമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. യുഎസ് അടക്കം റഷ്യയിൽ നിന്ന് ഊർജ ഇറക്കുമതി നിരോധിച്ചതിന് പിന്നാലെയാണ് ഇന്ത്യ മുന്നോട്ടുവന്നത്.
 
റഷ്യയ്‌‌ക്കെതിരായ ഉപരോധത്തെ പിന്തുണയ്ക്കുക എന്നതാണ് എല്ലാ രാജ്യക്കാരോടും പറയാനുള്ളതെന്നും പക്ഷേ, ഈ സമയത്തെപ്പറ്റി ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തുമ്പോൾ, നിങ്ങൾ എവിടെയാണ് നിൽക്കുന്നതെന്ന് ചിന്തിക്കണമെന്നും യുഎസ് ഓർമപ്പെടുത്തി.
 
അതേസമയം യുക്രെയ്നിന് മുകളിൽ റഷ്യ നടത്തുന്ന അക്രമണത്തെ പിന്തുണയ്ക്കുന്ന നടപടികൾ ഒന്നും ഇന്ത്യ സ്വീകരിച്ചിട്ടില്ല. ബന്ധപ്പെട്ട എല്ലാവരും ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നാണ് ആദ്യംതൊട്ടേ ഇന്ത്യയുടെ നിലപാട്. ദേശസുരക്ഷയ്ക്കു റഷ്യൻ ആയുധങ്ങളെ വലിയതോതിൽ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നു യുഎസിലെ ജോ ബൈഡൻ ഭരണകൂടത്തിന് അറിയാമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറയുന്നത്.
 
രാജ്യാന്തര വിപണിയിൽ എണ്ണവില ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് റഷ്യയിൽ നിന്നും വിലക്കുറവിൽ ഇന്ധനം ഉറപ്പുവരുത്താൻ ഇന്ത്യ മുന്നോട്ട് വന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍