ഹ്യുണ്ടായ് പ്രീമിയം ക്രോസോവർ എസ്‌ യു വി ട്യൂസോൺ വിപണിയിലേക്ക്

വെള്ളി, 21 ഒക്‌ടോബര്‍ 2016 (11:17 IST)
ഹ്യുണ്ടായുടെ പുതിയ പ്രീമിയം ക്രോസോവർ എസ്‌യുവി ട്യൂസോണ്‍ നവംബർ 14 ന് വിപണിയിലെത്തും. ഒരു കാലത്ത് ഇന്ത്യയിലെ എസ് യു വി പ്രേമികളുടെ ഹരമായിരുന്ന ട്യൂസോണ്‍ ചില രൂപമാറ്റങ്ങൾക്ക് വിധേയമായാണ്  തിരിച്ചെത്തുന്നത്. സാന്റാഫെ, ഹ്യുണ്ടായ് ക്രേറ്റ എന്നീ മോഡലുകളുടെ മധ്യത്തിലായി ഇടംപിടിക്കുന്ന ട്യൂസോണിന് 15 ലക്ഷത്തിനും 20 ലക്ഷത്തിനുമിടയിലായിരിക്കും വിലയെന്നാണ് സൂചന.     
 
2005ലാണ് ട്യൂസോൺ ആദ്യമായി ഇന്ത്യയിലെത്തിയത്. എന്നാല്‍ വില്പനയിലുണ്ടായ ഇടിവുമൂലം 2010ല്‍ വാഹനം വിപണിയില്‍ നിന്ന് പിൻവാങ്ങി. 2015 ജനീവ മോട്ടോർ ഷോയിൽ അവതരിച്ച മൂന്നാം തലമുറ ട്യൂസോണാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. ഹ്യുണ്ടായുടെ ഫ്ല്യൂയിഡിക് സ്കൾപ്ചർ 2.0 ഡിസൈൻ പകർത്തിയിട്ടുള്ള സാന്റാഫെയുടെ ചെറു പതിപ്പായി ഈ പുത്തൻ എസ്‌യുവിയെ വിശേഷിപ്പിക്കാം. 
 
പുത്തൻ ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, സ്പോർടി ബംബർ, ക്രോം സ്ലാറ്റോടുകൂടിയ ഗ്രിൽ എന്നിങ്ങനെയുള്ള സവിശേഷതകളുമായാണ് വാഹനം വിപണിയിലേക്കെത്തുന്നത്. ലെതർ അപ്ഹോൾസ്ട്രെ, ടച്ച്സക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എട്ട് സ്പീക്കറുള്ള മ്യൂസിക് സിസ്റ്റം,  എ യു എക്സ്, ബ്ലൂടൂത്ത് കണക്ടിവിറ്റി, യുഎസ്ബി, ലെതറിൽ പൊതിഞ്ഞുള്ള ഇൻസ്ട്രുമെന്റ് പാനലും സ്റ്റിയറിംഗ് വീലും എസ്‌യുവിയിലുണ്ട്.  
 
 2.0ലിറ്റർ ഡീസൽ എൻജിനാണ് ട്യൂസോണിന് കരുത്തേകുന്നത്. രണ്ടു തരത്തിൽ134 ബിഎച്ച്പിയും 181 ബിഎച്ച്പിയും ഉല്പാദിപ്പിക്കാന്‍ ഈ വാഹനത്തിനു കഴിയും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സിനൊപ്പം ഓട്ടോമാറ്റിക് ഗിയർബോക്സും ഈ എൻജിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പനോരമിക് സൺറൂഫ് ഓപ്ഷണലായും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. 

വെബ്ദുനിയ വായിക്കുക