കേരളം സ്വര്‍ണ്ണക്കടത്തുകാരുടെ പറുദീസ!

ബുധന്‍, 9 ജൂലൈ 2014 (11:06 IST)
കേരളത്തിലേക്ക് സ്വര്‍ണ്ണത്തിന്റെ കള്ളക്കടത്ത് നിര്‍ബാധം തുടരുന്നതായി റിപ്പോര്‍ട്ട്. കള്ളക്കടത്ത് തടയാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമാകുന്നില്ലെന്നാണ് സൂചനകള്‍. ദിവസവും കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി പുറത്തു കടക്കുന്നത് നൂറു കണക്കിനു കിലോ കള്ളക്കടത്തുസ്വര്‍ണമാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
ഇറ്റാലിയന്‍, ആഫ്രിക്കന്‍ മാഫിയകളാണ് രാജ്യത്തേ സ്വര്‍ണ്ണക്കടത്തിന് നേതൃത്വം നല്‍കുന്നതെന്നും ഇവയുടെ നിയന്ത്രണം ഗള്‍ഫ് രാജ്യങ്ങളിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.  രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്നത് തമിഴ്നാട്ടിലാണ്. രണ്ടാം സ്ഥാനം കേരളത്തിനും. 
 
എന്നാല്‍ കള്ളക്കടത്ത് കൂടുതലും നടക്കുന്നത് കേരളത്തിലാണെന്നും അതിനു കാരണം കേരളത്തിന്റെ നികുതി ഘടനയിലുള്ള അശാസ്ത്രീയതയാണെന്നും കാലങ്ങളായി കേരളത്തിലെ വ്യാപാരികള്‍ പറയുന്നതാണ്. എന്നാല്‍ ഈ നികുതിയുടെ ഭാഗമായി പവന് അധികം നല്‍കേണ്ടത് 1152 രൂപ നല്‍കേണ്ടി വരും.
 
അതിനാലാണ് കള്ളക്കടത്തു സംഘങ്ങള്‍ കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇന്ത്യയില്‍ 11% കസ്റ്റംസ് നികുതിയും മൂന്നുശതമാനം ബാങ്ക് പ്രീമിയവും ഒരു ശതമാനം സംസ്ഥാന നികുതിയും ചേര്‍ത്ത് മൊത്തം 15% നികുതിയാണ് ഒരു പവനുള്ളത്. ഇതു കേരളത്തില്‍ എത്തുമ്പോള്‍ സംസ്ഥാനത്തിന്റെ നാല് ശതമാനം കൂടി ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണത്തിനു മൊത്തം 19% നികുതി നല്‍കണം. 
 
അതായത് കള്ളക്കടത്ത് സ്വര്‍ണ്ണം കേരളത്തിലെ മാര്‍ക്കറ്റുകളില്‍ വിറ്റഴിച്ചാല്‍ ലഭിക്കുന്ന ലാഭം 19% ആണ്. മുഴുവന്‍ നികുതികളും വെട്ടിച്ച് കേരളത്തിലേക്ക് ഒരു കിലോ സ്വര്‍ണം കടത്തിയാല്‍ ആറു ലക്ഷം രൂപയാണ് ലാഭം. അത് ആഭരണമാക്കി വിറ്റാല്‍ 7.75 ലക്ഷം രൂപയും ലഭിക്കും! കൂടാതെ വിദേശത്തു നിന്നു കൊണ്ടുവരുന്ന ഒരു കിലോ സ്വര്‍ണം മറ്റു സംസ്ഥാനങ്ങളില്‍ വില്‍പന നികുതി അടച്ച് കേരളത്തിലേക്കു കടത്തിയാല്‍ ലാഭം 1.44 ലക്ഷം രൂപയാണ്.
 
അതിനാല്‍ കള്ളക്കടത്ത് തടയണമെന്നുണ്ടെങ്കില്‍ നികുതി ഘടനയില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് വ്യാപാരികള്‍ പറയുന്നു. രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്വര്‍ണ ഇറക്കുമതി 75% കുറഞ്ഞെന്നാണ് കണക്ക്. എന്നാല്‍, സ്വര്‍ണത്തിന്റെ ഉപയോഗം കുറഞ്ഞിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ ഉള്ളതിന്റെ അത്രയും സ്വര്‍ണം ഈ വര്‍ഷവും വിപണിയില്‍ ഉണ്ട്. ഇത് കള്ളക്കടത്തിലൂടെ രാജ്യത്ത് പ്രവേശിച്ച സ്വര്‍ണമാണെന്നാണ് ഇന്റെലിജെന്‍സ് പറയുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഇത് വലിയ ഭീഷണിയണെന്നും റിപ്പോര്‍ട്ടിലുണ്ട്. 
 
 
 
 
 

വെബ്ദുനിയ വായിക്കുക