ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ പുതിയ മോഡല്‍ ‘911’ ഇന്ത്യയില്‍

വെള്ളി, 1 ജൂലൈ 2016 (11:24 IST)
ജര്‍മന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ ‘911’ ഇന്ത്യയില്‍ അവതരിപ്പിച്ചു. അതോടൊപ്പം ഇന്ത്യയിലെ സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചെന്നൈയിലും ഹൈദരബാദിലും പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
 
കൊച്ചിക്കു പുറമെ അഹമ്മദബാദ്, ഗുഡ്ഗാവ്, ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലായി നിലവില്‍ ആറ് ഔട്ട്ലെറ്റുകളാണു പോര്‍ഷെയ്ക്കുള്ളത്. ആഡംബര സ്പോര്‍ട്സ് കാര്‍ വിപണിയില്‍ ശ്രദ്ധേയരായ പോര്‍ഷെ ഇന്ത്യയില്‍ സ്ഥിരമായ വളര്‍ച്ചയാണു ലക്ഷ്യമിടുന്നതെന്നും കഴിഞ്ഞ വര്‍ഷം 408 കാറുകളാണു കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചതെന്നും പോര്‍ഷെ ഇന്ത്യ ഡയറക്ടര്‍ പവല്‍ ഷെട്ടി അറിയിച്ചു.
 
സ്പോര്‍ട് കാര്‍ പ്രേമികള്‍ക്കു പതിവായ ഉപയോഗത്തിനു കൂടി ഉപകരിക്കുംവിധമാണു പുതിയ ‘911’ എത്തന്നതെന്നും ഷെട്ടി അഭിപ്രായപ്പെട്ടു. കമ്പനികളുടെ കാറുകളില്‍ ഏറെയും പെട്രോള്‍ എന്‍ജിനുള്ളവയാണ്. അതിനാല്‍ രണ്ടായിരത്തിലേറെ സി സി എന്‍‌ജിന്‍ ശേഷിയുള്ള ഡീസല്‍ കാറുകള്‍ക്ക് രാജ്യതലസ്ഥാന മേഖലയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതു പോര്‍ഷെയെ കാര്യമായി ബാധിക്കില്ലെന്നും ഷെട്ടി അഭിപ്രായപ്പെട്ടു. 
 
‘കേമാന്‍’, ‘കായീന്‍’, ‘മക്കാന്‍’, ‘ബോക്സ്റ്റര്‍’, ‘911’, ‘പാനമീറ’ തുടങ്ങിയ ആഡംബര സ്പോര്‍ട്സ് കാറുകളാണു നിലവില്‍ പോര്‍ഷെ ഇന്ത്യയില്‍ വില്‍ക്കുന്നത്. പുതിയ ടര്‍ബോ ചാര്‍ജ്ഡ് പവര്‍ യൂണിറ്റിന്റെ പിന്‍ബലമുള്ള ‘911’ കൂപ്പെ, കബ്രിയൊളെ തുടങ്ങി വ്യത്യസ്ത വകഭേദങ്ങളില്‍ ലഭ്യമാണ്. പന്ത്രണ്ടാം തലമുറയില്‍പെട്ട ‘911’ കാറിന് 12% അധിക ഇന്ധനക്ഷമതയും പോര്‍ഷെ വാഗ്ദാനം ചെയ്യുന്നു. 1.42 കോടി മുതല്‍ 2.66 കോടി രൂപ വരെയാണു കാറിന്റെ വകഭേദങ്ങള്‍ക്കു ഡല്‍ഹി ഷോറൂമില്‍ വില. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക