രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളിയാകൂ സബ്സീഡി ഉപേക്ഷിക്കു!

ശനി, 2 ഓഗസ്റ്റ് 2014 (12:25 IST)
പാചകവാതക സബ്സിഡി വെട്ടീക്കുറക്കുന്നത് ജനരോഷത്തിന് കാരണമാകുമെന്ന് തിരിച്ചറിഞ്ഞതോടെ പൊതുജനത്തേകക്കൊണ്ട് പരമാവധി സബ്സീഡി ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്ന പദ്ധതിക്ക് എണ്ണക്കമ്പനികള്‍ തയ്യാറെടുക്കുന്നു.

ഇതിനായി സബ്സിഡി ഉപേക്ഷിച്ചുകൊണ്ട് രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളിയാകുവാന്‍ അഭ്യര്‍ഥിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ എണ്ണക്കമ്പനികള്‍ തയ്യാറാക്കിക്കഴിഞ്ഞു. എണ്ണക്കമ്പനികളുടെ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത് സ്വയം സബ്സിഡിയില്‍ നിന്ന് ഒഴിവാകാനുള്ള പദ്ധതിയും പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ഒഴിവാകുന്നവരുടെ പേര് സൈറ്റില്‍ പ്രദര്‍ശിപ്പിക്കും.

സബ്സിഡി വേണ്ടെന്നു വയ്ക്കാന്‍ സ്വമേധയാ തയാറാവണമെന്നാവശ്യപ്പെട്ട് എണ്ണക്കമ്പനികള്‍ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നുമുണ്ട്.പാചകവാതക സബ്സിഡി  അത്യാവശ്യക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിപിസിഎല്‍, ഇന്ത്യന്‍ ഓയില്‍, എച്ച്പിസിഎല്‍ തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികള്‍  പുതിയ പദ്ധതിക്ക് തുടക്കമിട്ടത്.

എണ്ണക്കമ്പനികളുടെ ബോധവല്‍ക്കരണം ഫലം കണ്ട് തുടങ്ങിയെന്നാണ് സൂചന. ഇതിനോടകം തന്നെ ഇന്‍ഡേനില്‍ 1470 പേര്‍ സബ്സിഡി ഉപേക്ഷിച്ചു. ഇങ്ങനെ  88.20 ലക്ഷം രൂപ സബ്സിഡി ഒഴിവായിട്ടുണ്ട്. എച്ച്‌പിസി‌എല്ലില്‍ 372 പേര്‍ സബ്സിഡി ഉപേക്ഷിച്ചു. ഇങ്ങനെ  22.32 ലക്ഷം രൂപ സബ്സിഡി ഒഴിവാക്കി. ഭാരത് പെട്രോളിയത്തിന്റെ ഭാരത് ഗ്യാസില്‍ 411 പേര്‍ സബ്സിഡി ഉപേക്ഷിച്ചു. 24.66 ലക്ഷം രൂപ ഇങ്ങനെ സബ്സിഡി ഒഴിവാക്കി.

ഇതില്‍ സബ്സിഡി ഉപേക്ഷിച്ച മലയാളികളുമുണ്ട്. വിപണിവില  നല്‍കി പാചക വാതകം വാങ്ങാന്‍ കഴിവുള്ളവര്‍ സബ്സിഡി  ഉപേക്ഷിക്കണമെന്നാണ് എണ്ണക്കമ്പനികളുടെ അഭ്യര്‍ഥന ത്തെ പതിനാറ് കോടി  പാചകവാതക കണക്ഷനുകള്‍ക്കായി  സര്‍ക്കാര്‍ സബ്സിഡിയിനത്തില്‍ പ്രതിവര്‍ഷം നാല്‍പതിനായിരം കോടി രൂപ ചെലവഴിക്കുന്നുവെന്നാണു കണക്ക്.

വെബ്ദുനിയ വായിക്കുക