മത്തി ക്ഷാമം: നഷ്ടം 150 കോടിയെന്ന് സിഎംഎഫ്ആര്‍ഐ

Webdunia
വെള്ളി, 8 ജൂലൈ 2016 (08:07 IST)
ജനകീയ മത്സ്യമായ മത്തിയുടെ ക്ഷാമം മൂലം കഴിഞ്ഞ വര്‍ഷം കേരളത്തിനു 150 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പഠന റിപ്പോര്‍ട്ട്. മത്തിയുടെ കുറവുമൂലം മത്സ്യ മേഖലയില്‍ 28.2 ശതമാനം പേര്‍ക്ക് തൊഴില്‍ മഷ്ടമുണ്ടാവുകയും മത്തി വിലയില്‍ 60 ശതമാനം വര്‍ദ്ധന ഉണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അനിയന്ത്രിത മത്സ്യബന്ധനം, മത്തിയുടെ പ്രജനന സമയത്തിലെ മാറ്റം, എല്‍നിനോ പ്രതിഭാസം, അമിതമായ തോതില്‍ കുഞ്ഞുങ്ങളെ പിടിച്ചടുക്കല്‍. തുടങ്ങിയവയാണ് മത്തി ലഭ്യത കുറയുന്നതിന്റെ കാരണങ്ങളെന്ന് സിഎംഎഫ്ആര്‍ഐ വിലയിരുത്തി. 
 
 2010-2012 കാലയളവില്‍ വന്‍തോതില്‍ കുഞ്ഞുങ്ങളെ പിടിച്ചെടുത്തത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ മത്തി കുറയുന്നതിന് പ്രധാന കാരണമായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ മത്സ്യമേഖലയെ മെച്ചപ്പെടുത്തുന്നതിന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ വിളിച്ചുചേര്‍ത്ത മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയത്.
Next Article