ചെക്കുകള്‍ മാറുമ്പോള്‍ എക്കൗണ്ട് ഉടമയെയും പണം സ്വീകരിക്കുന്ന ആളെയും എസ്എംഎസിലൂടെ വിവരം അറിയിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം. ചെക്കുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിക്കുന്നതിനാലാണ് ഇത്തരത്തില്‍ സ്ഥിരീകണം നിര്‍ബന്ധമാക്കുന്നതെന്ന് ആര്‍ബിഐയുടെ വിജ്ഞാപനത്തില്‍ പറയുന്നു. നിലവില്‍ എടിഎം വഴി പണം പിന്‍വലിക്കുമ്പോള്‍ മാത്രമാണ് ബാങ്കുകള്‍ എസ്എംഎസ് അയയ്ക്കുന്നത്.
കൂടാതെ ഉയര്‍ന്ന തുകയ്ക്കുള്ള ചെക്കുകള്‍ മാറുമ്പോള്‍ അക്കൌണ്ട് ഉടമയെ വിളിച്ച് വിവരം അറിയിക്കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വ്യാജ ചെക്കുകളുപയോഗിച്ച് പണം തട്ടുന്നത് തടയുകയാണ് ലക്ഷ്യം. രണ്ട് ലക്ഷത്തിന് മുകളില്‍ തുകയ്ക്കുള്ള എല്ലാ ചെക്കുകളും അള്‍ട്രാ വൈലറ്റ് ലൈറ്റില്‍ പരിശോധിക്കണം. തുക അഞ്ചുലക്ഷത്തിനു മുകളിലാണെങ്കില്‍ ഇതിനുപുറമെ എസ്എംഎസ്, നേരിട്ടുള്ള ഫോണ്‍ വിളി എന്നിവയിലൂടെ യഥാര്‍ത്ഥ ഇടപാടാണൊയെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.
അക്കൌണ്ട് ഉടമയുടെ പേര്, എക്കൗണ്ട് നമ്പര്‍, ഒപ്പ്, ചെക്കിന്റെ നമ്പറുകള്‍ തുടങ്ങിയവ രഹസ്യമായി സൂക്ഷിക്കണമെന്നും ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കിയ നിര്‍ദ്ദേശത്തിലുണ്ട്. യഥാര്‍ത്ഥ ചെക്ക് അക്കൗണ്ട് ഉടമയുടെ കയ്യില്‍ ഉള്ളപ്പോള്‍തന്നെ വ്യാജ ചെക്ക് ഉപയോഗിച്ച് പണം തട്ടുന്നത് വ്യാപകമായതോടെയാണിത്.