ബജാജ് ഡിസ്‌കവര്‍ 110 വിപണിയിലേക്ക്. ജനുവരി മാസം അവസാനത്തോടെയായിരിക്കും ഡിസ്‌കവര്‍ 110 വിപണിയില്‍ അവതരിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്ലാറ്റിന 100 നും ഡിസ്‌കവര്‍ 125 നും ഇടയിലായിരിക്കും ഡിസ്‌കവര്‍ 110 ന്റെ സ്ഥാനം. ഡിസ്‌കവര്‍ 125ന്റേതിനു സമാനമായ രൂപത്തിലും ഭാവത്തിലുമാണ് പുതിയ 110 സിസി ഡിസ്‌കവറും വിപണിയിലെത്തുക.
ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മാറ്റ് ബ്ലാക് അലോയ് വീലുകള്‍, ബ്ലാക്ഡ്-ഔട്ട് എഞ്ചിന്‍, ക്രോം മഫ്‌ളര്‍ കവര്‍സില്‍വര്‍, സൈഡ് പാനലുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് പുതിയ ഡിസ്‌കവര്‍ 110ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഗ്രാഫിക്‌സോടെ എത്തുന്ന മോട്ടോര്‍സൈക്കിളില്‍, ഇലക്ട്രിക് സ്റ്റാര്‍ട്ടര്‍, ഗ്യാസ്-ചാര്‍ജ്ഡ് ഡ്യൂവല്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവയും സാന്നിധ്യമറിയിക്കും.
ഡിസ്‌കവര്‍ 125 ല്‍ നിന്നും വ്യത്യസ്തമായി ഇരു ടയറുകളിലും ഡ്രം ബ്രേക്കുകളാണ് ഡിസ്‌കവര്‍ 110ല്‍ നല്‍കിയിട്ടുള്ളത്. പുതുക്കിയ 110 സിസി എയര്‍-കൂള്‍ഡ്, ഡിടിഎസ്-ഐ എഞ്ചിനായിരിക്കും ബജാജ് ഡിസ്‌കവര്‍ 110ന് കരുത്തേകുക. 8.5ബിഎച്ച്‌പി കരുത്തും 9.5എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉത്പാദിപപ്പിക്കുക. എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്‌സ് ഇടംപിടിക്കും.
പുതുക്കിയ എഞ്ചിന്‍ പശ്ചാത്തലത്തില്‍ മികവാര്‍ന്ന ഇന്ധനക്ഷമതയാണ് ഡിസ്‌കവര്‍ 110 കാഴ്ചവെക്കുക. 50,500 രൂപ എക്‌സ്‌ഷോറൂം പ്രൈസ് ടാഗിലായിരിക്കും പുതിയ ഡിസ്‌കവര്‍ 110 വിപണിയില്‍ അണിനിരക്കുകയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഹീറോ പാഷന്‍, പാഷന്‍ എക്‌സ്‌പ്രോ, ടിവിഎസ് വിക്ടര്‍ 110 എന്നിവയോടായിരിക്കും ശ്രേണിയില്‍ ബജാജ് 110 മത്സരിക്കുക.