‘ലോ-കോസ്റ്റ്’ ഫ്ലൈറ്റുമായി ‘ഡെക്കാന്‍’ ഗോപിനാഥ് വീണ്ടും!
ബുധന്‍, 18 ഏപ്രില്‍ 2012 (15:13 IST)
PRO
PRO
‘ക്യാപ്റ്റന്‍’ ജിആര്‍ ഗോപിനാഥ് അറിയപ്പെടുന്നത് ചെലവുകുറഞ്ഞ വിമാനയാത്രയുടെ പിതാവായിട്ടാണ്. ഗോപിനാഥ് 2003-ല്‍ ആരംഭിച്ച എയര്‍ ഡെക്കാന്‍ ഇന്ത്യയില്‍ സാധാരണക്കാര്‍ക്കും ‘വിമാനയാത്ര’ കയ്യെത്തിപ്പിടിക്കും ദൂരത്തിലാക്കി. ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ് എയര്‍ ഡെക്കാന്റെ ജനനം. എയര്‍ ഡെക്കാനെ മദ്യരാജാവ് വിജയ് മല്യ വാങ്ങിയതും കിംഗ്‌ഫിഷര്‍ റെഡ് ആക്കിയതും നഷ്ടത്തില്‍ കൂപ്പുകുത്തിയതും പിന്നീടുള്ള കഥ. ഇപ്പോഴിതാ പഴയ എയര്‍ ഡെക്കാന്റെ മോഡലില്‍ ഒരു ചെലവുകുറഞ്ഞ എയര്‍ലൈന്‍സ് രൂപം കൊടുക്കാനുള്ള പദ്ധതിയിലാണ് ക്യാപ്റ്റന്‍ ഗോപിനാഥ്.
ആരംഭിച്ച് മൂന്നുവർഷത്തിനുള്ളിൽ ലാഭമുണ്ടാക്കുകയും യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാമത്തെ എയര്‍ലൈന്‍ എന്ന പേരെടുക്കുകയും ചെയ്ത എയര്‍ ഡെക്കാനെ പിന്നീട് 2007-ല്‍ മദ്യരാജാവായ വിജയ് മല്യ വാങ്ങുകയായിരുന്നു. അഞ്ചുവര്‍ഷത്തേക്ക് കിംഗ്‌ഫിഷറിനോട് മത്സരിക്കരുത് എന്ന ഉറപ്പും ഗോപിനാഥില്‍ നിന്ന് വിജയ് മല്യ വാങ്ങിയിരുന്നു. അടുത്ത വര്‍ഷത്തോടെ ഈ കരാര്‍ റദ്ദാവുകയാണ്. അതിനിടയിലാണ് പുതിയ ‘ലോ-കോസ്റ്റ്’ എയര്‍ലൈനുമായി കളത്തിറങ്ങുമെന്ന് ഗോപിനാഥ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒന്നുമില്ലായ്മയില്‍ നിന്ന് കോടീശ്വര പട്ടത്തിലേക്ക് നടന്നുകയറിയ കഥയാണ് ക്യാപ്റ്റന്‍ ഗോരൂര്‍ രാമസ്വാമി അയ്യങ്കാര്‍ ഗോപിനാഥിന്റേത്. പാവപ്പെട്ട ഒരു സ്കൂള്‍ അധ്യാപകന്റെ മകനായി ജനിക്കുകയും കന്നഡ മീഡിയത്തില്‍ പഠിക്കുകയും ചെയ്ത് കൃഷിയിലും ഹോട്ടല്‍ മേഖലയിലും ഏവിയേഷന്‍ രംഗത്തും പയറ്റുകയും ചെയ്ത ഗോപിനാഥിന്റെ നേട്ടങ്ങള്‍ ആരെയും ഉത്സാഹഭരിതരാക്കുന്നതാണ്. ചെലവുകുറഞ്ഞ വിമാനയാത്ര വെറുമൊരു സ്വപ്നമല്ല എന്ന് തെളിയിച്ച ഗോപിനാഥ് വീണ്ടും തന്റെ പടക്കളത്തിലേക്ക് ഇറങ്ങുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.