സിഗരറ്റ് നിര്‍മാണത്തിന് പന്നിരക്തം!

വെള്ളി, 2 ഏപ്രില്‍ 2010 (10:17 IST)
PRD
PRO
സിഗരറ്റ് വലിക്കുന്ന സസ്യാഹാരികളും മുസ്ലീങ്ങളും ശ്രദ്ധിക്കുക. സിഗരറ്റിന്റെ അടിയിലുള്ള ഫില്‍റ്ററിന്റെ നിര്‍മാണത്തിന് പന്നിയുടെ രക്തം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇസ്ലാമാബാദില്‍ നടന്ന സയന്‍സ്‌ കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് ഓസ്ട്രേലിയയിലെ സിഡ്നി യൂണിവേഴ്സിറ്റില്‍ പബ്ലിക്‌ ഹെല്‍ത്ത്‌ വിഭാഗം പ്രൊഫസറായ സിമോണ്‍ ചാപ്മാന്‍ ആരോപിച്ചിരിക്കുന്നതാണ് ഈ വിവരം.

പന്നിരക്തത്തിലെ ഹീമോഗ്ലോബിനാണ് ഫില്‍റ്ററിന്റെ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുന്നത്. ഫില്‍റ്ററിലൂടെ കടന്നുപോകുന്ന പുകയിലെ വിഷവസ്തുക്കളെ പന്നിരക്തത്തിലെ ഹീമോഗ്ലോബിന്‍ തടയുമെത്രെ. മിക്ക രാജ്യങ്ങളിലും സിഗരറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ലിസ്റ്റ് പാക്കറ്റില്‍ തന്നെ നല്‍‌കുമെങ്കിലും പന്നിരക്തത്തിലെ ഹീമോഗ്ലോബിന്‍ പോലുള്ള ചില രഹസ്യങ്ങള്‍ മറച്ചുവയ്ക്കുകയാണ് പതിവ്.

പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സിഗരറ്റ്‌ നിര്‍മാണവസ്തുക്കള്‍ ഏതൊക്കെയെന്ന്‌ വെളിപ്പെടുത്താന്‍ ഉത്പാദകര്‍ തയാറാകണമെന്നാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് സിമോണ്‍ ചാപ്മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിഗരറ്റ് ഫില്‍റ്റര്‍ നിര്‍മാണത്തില്‍ പന്നിരക്തം ഉപയോഗപ്പെടുത്തുന്നതിന്റെ തന്റെ പക്കല്‍ തെളിവുണ്ടെന്നും സിമോണ്‍ ചാപ്മാന്‍ പറഞ്ഞു. മുസ്ലീം രാഷ്ട്രമായ പാകിസ്ഥാനില്‍ വച്ച് സിമോണ്‍ ചാപ്മാന്‍ നടത്തിയ വെളിപ്പെടുത്തല്‍ അതീവ ഗൌരവത്തോടെയാണ് സിഗരറ്റ് നിര്‍മാതാക്കള്‍ കാണുന്നത്.

വെജിറ്റേറിയന്‍ ഭക്ഷണ രീതി പിന്തുടരുന്നവര്‍ക്കിടയിലും പന്നിമാംസം നിഷിദ്ധമാണെന്ന് കരുതുന്ന മുസ്ലീം - ജീത മതവിഭാഗങ്ങള്‍ക്കിടയിലും സിമോണ്‍ ചാപ്മാനിന്റെ വെളിപ്പെടുത്തല്‍ വന്‍ സ്വാധീനം ഉണ്ടാക്കുമെന്ന് ആരോഗ്യ നിരീക്ഷകര്‍ കരുതുന്നു. സിഗരറ്റിന്റെ വില്‍‌പനയില്‍ കുത്തനെ ഇടിവ് വരുത്താന്‍ പ്രാപ്തമാണ് ഈ പുതിയ വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്.

വെബ്ദുനിയ വായിക്കുക