ഷോപ്പിംഗ് മാളുകളിലൊക്കെ പോകുന്നവരില്‍ ചിലര്‍ പലപ്പോഴും ചെയ്യാറുള്ള ചെറിയ മോഷണമാണ് വൈഫൈ മോഷണം. മാളുകളില്‍ നിന്ന് ഫോണിന്റെ/ലാപ്ടോപ്പിന്റെ വൈഫൈ ഓണാക്കുമ്പോള്‍ പലപ്പോഴും പാസ്‌വേര്‍ഡ് സുരക്ഷയില്ലാത്ത കണക്ഷന്‍ കിട്ടാറുണ്ട്. പലപ്പോഴും ഈ വൈഫൈ സംവിധാനം ഫ്രീയായി ചില മാളുകള്‍ നല്‍കാറുമുണ്ട്.
ഒരു കമ്പ്യൂട്ടര്‍ ശൃംഖലയില്‍ റേഡിയോ തരംഗങ്ങള്‍ മുഖേന ഡാറ്റാ കൈമാറ്റം നടത്താന്‍ ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് ഇന്ന് സര്‍വസാധാരണമായി ഉപയോഗിച്ചുവരുന്ന വൈ ഫൈ (Wireless Local Area Network). ഇന്റര്‍നെറ്റ് കണക്ഷന്‍ ഷെയറിങ്ങിനായി വൈ ഫൈ മുക്കിലും മൂലയിലും ഇപ്പോള്‍ ഉപയോഗിക്കുന്നു. വിക്ടര്‍ ഹേസ് എന്ന ശാസ്ത്രജ്ഞന്‍ ആണ് വൈ ഫൈയുടെ പിതാവ്.
എവിടെച്ചെന്നും വൈഫൈ അടിക്കുന്നതിനു മുന്‍പ് ഒന്നു ഓര്‍ത്തു വയ്ക്കുക ഏതൊരു ഉപകാരപ്രദമായ കണ്ടുപിടിത്തത്തിനും ഒരു മറുവശം ഉണ്ട്. സുരക്ഷിതമല്ലാത്ത വൈ ഫൈ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ചില പ്രശ്നങ്ങളുണ്ട്. ഉപയോഗിക്കുന്നവര്‍ക്കും ഉടമകള്‍ക്കും ഒരുപോലെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍.
കമ്പ്യൂട്ടറോ മൊബൈലോ ഉള്ള ആര്‍ക്കും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാവുന്ന സംവിധാനമാണ് വൈ ഫൈ എന്നതിനാല്‍ ഇതുവഴി രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് സൈബര്‍ സെല്‍ രംഗത്തെത്തിരുന്നു.
ഒരു സ്വകാര്യ വൈ ഫൈ നെറ്റ്‌വര്‍ക്കില്‍ ഒരു കമ്പ്യൂട്ടറിന് അംഗമാകണമെങ്കില്‍ ഒരു WEP Key എന്ന ഒരു വൈ ഫൈ പാസ്സ്‌വേര്‍ഡ് ആവശ്യമാണ്. ഈ പാസ്സ്‌വേര്‍ഡ് കൊടുത്താല്‍ സ്വകാര്യ വൈ ഫൈ നെറ്റ്‌വര്‍ക്കില്‍ ആര്‍ക്കും എടുക്കാനാകും. ചിലപ്പോള്‍ പാസ്‌വേര്‍ഡ് ഇല്ലാതെതന്നെ നെറ്റ്വര്‍ക്കില്‍ കയറാനുമാകും.
സുരക്ഷിതമല്ലാത്ത വൈ ഫൈകളുടെ ഉടമകള്‍ നേരിടുന്നത് ഇതാണ് എന്നാല്‍ ചില ഉപഭോക്താക്കള്‍ക്കും പണികിട്ടാറുണ്ട്. സുരക്ഷിതമല്ലാത്ത വൈഫൈയില്‍ കണക്ട് ആയിരിക്കുമ്പോള്‍ പലപ്പോഴും നമ്മുടെ ഫോണില്‍/ ലാപ്ടോപ്പിലുള്ള ഡാറ്റാകള്‍ സുരക്ഷിതമായിരിക്കുകയില്ല.
ലാപ്ടോപ്പിലെ/മൊബൈലിലെ ഷെയറിംഗ് ഓപ്ഷന്‍ ഓണ്‍ ആണെങ്കില്‍ അത് ഓഫ് ചെയ്യുക. കാരണം ഷെയറിംഗ് ഓണ്‍ ആയി സൂക്ഷിച്ചാല്‍ മറ്റുള്ളവര്‍ക്ക് നിങ്ങളുടെ ഉപകരണം അനായാസം ഹാക്ക് ചെയ്യാന്‍ സാധിച്ചെന്ന് വരാം. അതുകൊണ്ട് കണ്ട്രോള്‍ പാനലില്‍ കയറി നെറ്റ്‌വര്‍ക്ക് ഷെയറിംഗ് ഓപ്ഷനില്‍ നിന്ന് ഷെയര്‍ ചെയ്യപ്പെട്ടിട്ടുള്ളവയെല്ലാം ഓഫ് ചെയ്യുക.
പൊതു നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിയ്ക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗമാണ് ഒരു വെര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് സജ്ജമാക്കുക എന്നത്. വൈ ഫൈ നെറ്റ്‌വര്‍ക്കുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഓട്ടോമാറ്റിക്കായി കണക്റ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ആക്ടീവായിരിയ്ക്കും. ഈ സംവിധാനവും ഓഫ് ചെയ്തിടുക.
ഒരു പബ്ലിക് നെറ്റ്‌വര്‍ക്കിലേയ്ക്ക് ലോഗ് ഇന്‍ ചെയ്യുന്നതിന് മുമ്പ് അതിന്റെ നെറ്റ്വര്‍ക്കിന്റെ പേര് ശരിയാണെന്ന് ഉറപ്പിയ്ക്കുക. ചിലപ്പോള്‍ ഹാക്കര്‍മാരുടെ നെറ്റ്വര്‍ക്കിലായിരിക്കും നിങ്ങള്‍ കണക്റ്റ് ചെയ്യപ്പെടുന്നത്.
വ്യത്യസ്ത പാസ്‌വേഡുകള്‍ നഷ്ടപ്പെടാതെ സൂക്ഷിയ്ക്കാന്‍ പാസ്‌വേഡ് മാനേജറുകള്‍ ഉപയോഗിയ്ക്കാം. ഒരു നല്ല ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുക. ഒരു പരിധിവരെ ഇതൊക്കെ പാലിച്ചാല്‍ കുഴപ്പങ്ങളുണ്ടാകാതിരിക്കാനാകും.