വസ്ത്രവിപണിയില്‍ വില ഇനിയും ഉയരും

വെള്ളി, 16 ഏപ്രില്‍ 2010 (10:32 IST)
PRO
രാജ്യത്ത് തുണിത്തരങ്ങള്‍ക്ക് ഇനിയും വില ഉയരും. നിര്‍മ്മാണത്തിനുള്ള ചെലവ് ഉയര്‍ന്നതാണ് വീണ്ടും വില ഉയര്‍ത്താന്‍ വസ്ത്രവിപണിയെ നിര്‍ബന്ധിതമാക്കുന്നത്. ഏപ്രില്‍ അവസാ‍നത്തോടെ 10 ശതമാനം വിലയുയര്‍ത്താനാണ് രാജ്യത്തെ വസ്ത്രനിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വസ്ത്രവിപണിയിലെ മൂന്നാമത്തെ വില വര്‍ദ്ധനയാണ് ഇത്. കഴിഞ്ഞ അഞ്ച് മാ‍സത്തിനുള്ളില്‍ കോട്ടണ്‍ തുണിയുടെ വില ഇരുപത്തിയഞ്ച് ശതമാനം ഉയര്‍ന്നതായി വസ്ത്ര നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വസ്ത്ര നിര്‍മ്മാണത്തിന് ഏറ്റവും ഉപയോഗിക്കുന്ന തയ്യല്‍ നൂലിന്‍റെയും തുണിച്ചരക്കിന്‍റെയും വില ഈ കാലയളവില്‍ അമ്പത് ശതമാനത്തോളമാണ് ഉയര്‍ന്നതെന്നും ഇവര്‍ ചുണ്ടിക്കാട്ടുന്നു.

വില ഉയര്‍ത്താന്‍ കഴിയാത്ത സഹചര്യമാണുള്ളതെന്ന് ക്ലോത്തിംഗ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് രാഹുല്‍ മേത്ത പറഞ്ഞു. ഒറ്റയടിക്ക് വില ഉയര്‍ത്തിയാല്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണ് ഘട്ടം ഘട്ടമായി ഇത് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക