റോയൽ എൻഫീൽഡ് കഫേ റേസറിന് ശക്തനായ എതിരാളി: ട്രയംഫ് ത്രക്സ്റ്റൺ ആർ

ശനി, 4 ജൂണ്‍ 2016 (09:40 IST)
റോയൽ എൻഫീൽഡ് കഫേ റേസറിന് ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ട് ട്രയംഫിന്റെ കരുത്തുറ്റ മോഡല്‍ ത്രക്സ്റ്റൺ ആർ അവതരിപ്പിച്ചു. അറുപതുകളിൽ ഇറങ്ങിയിരുന്ന പഴയ മോഡലിനു സമാനമായ രൂപകൽപനയോടെയാണ് 1200 സിസി കരുത്തുള്ള ത്രക്സ്റ്റണ്‍ വരുന്നത്.
 
ബോൺവീൽ കുടുംബത്തിലെ ഇളമുറക്കാരനായ ഈ കരുത്തന്റെ 8 വാൽവ് പാരലൽ ട്വിൻ ബോൺവീൽ എഞ്ചിൻ 4950 ആർപിഎമ്മിൽ 112 എൻഎം ടോർക്ക് ഉൽപാദിപ്പിക്കും. അതായത് മുൻതലമുറയെക്കാൾ 63 ശതമാനം കൂടുതലാണ് ഇത്. 
 
സ്വിച്ച് ഗിയർ, സ്ലിപ് അസിസ്റ്റ് ക്ലച്ച്, ട്രാക്ഷൻ കൺട്രോൾ, റൈഡ് ബൈ വയർ തുടങ്ങി ആധുനിക സാങ്കേതിക വിദ്യകളുമായാണ് ത്രക്സ്റ്റണ്‍ എത്തുന്നത്. കൂടാതെ വാഹനത്തിന്റെ നിയന്ത്രണം അനായാസമാക്കാന്‍ ട്വിൻ ഫ്ലോട്ടിങ് ബ്രെംബോ ഡിസ്ക് ബ്രേക്കുകൾ, ബ്രെംബോ സിലിണ്ടർ, മോണോപോളിക് കാലിപ്പേർസ് എന്നിവയുമുണ്ട്.
 
റിവേഴ്സ് മെഗാഫോണുകൾ ഘടിപ്പിച്ച ട്വിൻ എക്സ്ഹോസ്റ്റും ഈ ബൈക്കിലുണ്ട്. ഇത് ബൈക്കിന് ഗംഭീര ശബ്ദവും പ്രദാനം ചെയ്യുന്നു. കൂടാതെ 17 ഇഞ്ച് വലുപ്പമുള്ള മുൻവീലും അഡ്ജസ്റ്റബിൾ സസ്പെൻഷനും സീറ്റിങ് പൊസിഷനും റൈഡിങ് കംഫർട്ട് വർധിപ്പിക്കുന്നു. 
 
റോഡ്, റെയിൻ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ്ങ് മോഡുകളുമായാണ് ബൈക്ക് എത്തുന്നത്. നൂറ്റിയറുപതില്പരം വരുന്ന ആക്സസറികൾ ഉപയോഗിച്ച് വാഹനത്തെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്തെടുക്കാനുള്ള സൗകര്യവും ഇതിലുണ്ട്. 10,90,000 രൂപയാണ് ബൈക്കിന്റെ വില. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക