റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറ്റാദായം ഇടിഞ്ഞു

വെള്ളി, 24 ഏപ്രില്‍ 2009 (13:15 IST)
വിപണി മൂലധനത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ അറ്റാദായത്തില്‍ ഒരു ശതമാനത്തോളം ഇടിവ് നേരിട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ 3,874 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.

മുന്‍ വര്‍ഷം ഈ കാലയളവില്‍ 3,912 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. 2009 സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്ത അറ്റാദായം 15,279 കോടി രൂപയാണ്. 1,50,771 കോടി രൂപയാണ് ഈ വര്‍ഷത്തെ മൊത്തം വരുമാനം. മുന്‍ വര്‍ഷം ഇത് 139,269 കോടി രൂപയായിരുന്നു. 8.3 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണ് വരുമാനത്തിലുണ്ടായത്.

കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 12.6 ശതമാനം ഉയര്‍ന്ന് 94,038 കോടി രൂപയായി. പ്രതി ഓഹരി വരുമാനം 105 രൂപയില്‍ നിന്ന് 103.20 രൂപയായി കുറഞ്ഞു. മുംബൈ ഓഹരി വിപണിയില്‍ ആര്‍ഐഎല്‍ ഓഹരികള്‍ 2.7 ശതമാനം ഉയര്‍ച്ചയില്‍ 1,762.35 രൂപയായാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ വരുമാനത്തെയും അറ്റാദായത്തെയും സാരമായി ബാധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ എണ്ണ വില ബാരലിന് 147.27 ഡോളറിലെത്തിയതിനു ശേഷം ഏതാണ്ട് 75 ശതമാനത്തിന്‍റെ കുറവാണ് സംഭവിച്ചിരുന്നത്. ഡിസംബറില്‍ എണ്ണവില പോയവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 33.20 ഡോളറിലെത്തി റെക്കോര്‍ഡിട്ടിരുന്നു.

വെബ്ദുനിയ വായിക്കുക