യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ് അമ്പത് രൂപയ്ക്കും മുകളിലെത്തി. ഒമ്പത് പൈസയുടെ ഉയര്‍ച്ചയാണ് ബുധനാഴ്ച ആരംഭ വിപണിയില്‍ രേഖപ്പെടുത്തിയത്.
ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 50.03 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ബുധനാഴ്ച രൂപയുടെ മൂല്യം 49.94/95 എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിച്ചത്.
മൂലധന ഒഴുക്കില്‍ നിക്ഷേപകര്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടിയാവുന്നത്. വിദേശ ഫണ്ടുകള്‍ 1.35 ബില്യണ്‍ ഡോളറിന്‍റെ ഇന്ത്യന്‍ ഓഹരികള്‍ ഈ വര്‍ഷം വിറ്റഴിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 13 ബില്യണ്‍ ഡോളറിന്‍റെ ഓഹരികളാണ് പിന്‍വലിച്ചത്. നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ ഗണ്യമായ കുറവ് വരാമെന്നതിനാല്‍ ഡിസംബര്‍ അവസാനത്തോടെ രൂപയുടെ മൂല്യം ഡോളറിന് 54 എന്ന നിലയിലേക്ക് ഇടിയുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. ആഭ്യന്തര കറന്‍സികള്‍ക്കെതിരെ ഡോളറിന്‍റെ മൂല്യം ഉയര്‍ന്നു തന്നെ നില്‍ക്കുന്നതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായി.
വിദേശ നാണയ വിനിമയം ഫെബ്രുവരി 13ന് അവസാനിച്ച ആഴ്ചയില്‍ 249.69 ബില്യണ്‍ ഡോളറായി കുറഞ്ഞു. തൊട്ട് മുന്‍ ആഴ്ച ഇത് 251.53 ബില്യണ്‍ ഡോളറായിരുന്നു.