മായാവതിയുടെ സ്വത്ത് പരിശോധിക്കും

വെള്ളി, 13 ഫെബ്രുവരി 2009 (14:05 IST)
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ 2001 - 02 സാമ്പത്തിക വര്‍ഷത്തിലെ വരുമാ‍നം പരിശോധിക്കാന്‍ ഇന്‍‌കം ടാക്സ് ഡിപ്പാര്‍ട്ട്‌മെന്‍റിന് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. മുന്‍‌കൂര്‍ നോട്ടീസ് തന്നിട്ടില്ലാത്തതിനാല്‍ വരുമാനം പരിശോധിക്കുന്നതില്‍ നിന്ന് ഐ-ടി വകുപ്പിനെ തടയണമെന്ന മായാവതിയുടെ ഹര്‍ജി ജസ്റ്റിസ് വിക്രംജിത്ത് സെന്നിന്‍റെ നേതൃത്വത്തിലുള്ള ബഞ്ച് തള്ളി.

കേസ് സംബന്ധിച്ച് യാതൊരു നോട്ടീസും താന്‍ കൈപ്പറ്റിയിട്ടില്ലെന്ന മായാവതിയുടെ വാദത്തെ ഐ-ടി വകുപ്പ് കോടതിയില്‍ എതിര്‍ത്തു. “കഴിഞ്ഞ മാര്‍ച്ച് 24നാണ് നോട്ടീസ് നല്‍കിയത്. ഡല്‍ഹിയിലെ ഹൂമയൂണ്‍ റോഡ് റസിഡന്‍സിലേക്കാണ് നോട്ടീസയച്ചത്. എന്നാല്‍ അവര്‍ ലക്‍നോവിലേക്ക് മാറിയെന്നറിഞ്ഞ് നോട്ടീസ് മെയില്‍ വഴി മുഖ്യമന്ത്രിയുടെ റെസിഡന്‍സിലേക്ക് അയച്ചിട്ടുണ്ട്“ - ഐ-ടി വകുപ്പ് കോടതിയില്‍ ബോധ്യപ്പെടുത്തി.

2003-04 വര്‍ഷം രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍‌കിയ അപ്പെല്ലേറ്റ് ട്രൈബ്യൂണലിന്‍റെ വിധിയെ ഐ‌‌-ടി വകുപ്പ് കോടതിയില്‍ ചോദ്യം ചെയ്തു. തനിക്ക് കിട്ടിയ 65 ലക്ഷത്തോളം രൂപയുടെ പാരിതോഷികങ്ങള്‍ തന്‍റെ അനുയായികളും സുഹൃത്തുക്കളും നല്‍‌കിയതാണെന്നും ഇത് നികുതിയുടെ കീഴില്‍ വരുന്ന വരുമാനമല്ലെന്നുമുള്ള മായാവദിയുടെ വാദത്തിലാണ് 2007 നവംബറില്‍ ട്രൈബ്യൂണല്‍ അനുകൂല വിധി പുറപ്പെടുവിച്ചിരുന്നത്.

എന്നാല്‍ ഈ വിധിക്കെതിരെ ഐ‌-ടി വകുപ്പ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്‍റെ കേസ് തെളിയിക്കുന്നതില്‍ മായാവതി പരാജയപ്പെട്ടെന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു.

വെബ്ദുനിയ വായിക്കുക