നാലു മാസത്തെ ശമ്പളം ഒന്നിച്ചു നല്‍കണം

വ്യാഴം, 25 ഒക്‌ടോബര്‍ 2012 (10:02 IST)
PRO
PRO
നാലു മാസത്തെ ശമ്പളം വെള്ളിയാഴ്ചയ്ക്കകം ഒന്നിച്ചു നല്‍കണമെന്നു സമരത്തിലുള്ള കിംഗ്‌ഫിഷര്‍ ജീവനക്കാര്‍ മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടു.

മൂന്നു മാസത്തെ ശമ്പളം നല്‍കാമെന്ന കമ്പനിയുടെ വാഗ്ദാനം അവര്‍ അംഗീകരിച്ചില്ല. സമരത്തിലുള്ള ജീവനക്കാര്‍ വെള്ളിയാഴ്ച ജോലിയില്‍ തിരികെ പ്രവേശിക്കുമെന്ന ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സഞ്ജയ് അഗര്‍വാളിന്‍റെ പ്രസ്താവന തെറ്റാണെന്നും ജീവനക്കാരുടെ പ്രതിനിധി പറഞ്ഞു.

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള ശമ്പളം നല്‍കണമെന്ന ആവശ്യത്തില്‍ ജീവനക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. ഒക്റ്റോബര്‍ 27 മുതല്‍ ഗ്രേറ്റര്‍ നോയ്ഡയില്‍ നടക്കുന്ന ഫോര്‍മുല വണ്‍ മോട്ടോര്‍ റേസ് കാണാന്‍ ഫോര്‍മുല വണ്‍ മോട്ടോര്‍ റേസിന്‍റെ പ്രൊമോട്ടറായ വിജയ് മല്യ എത്തുമ്പോള്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും നീക്കമുണ്ട്.

അതേസമയം, ലോക്കൗട്ടിലാണെങ്കിലും കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് ഒക്റ്റോബര്‍ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കുമെന്നും സമരത്തിലുള്ള ജീവനക്കാര്‍ ഭൂരിഭാഗവും വെള്ളിയാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കുമെന്നും സിഇഒ സഞ്ജയ് അഗര്‍വാള്‍ വ്യക്തമാക്കി. ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്നു സെപ്റ്റംബര്‍ 29നാണു ജീവനക്കാര്‍ സമരം ആരംഭിച്ചത്. തുടര്‍ന്നു ലോക്കൗട്ട് പ്രഖ്യാപിച്ച കമ്പനിയുടെ എയര്‍ ലൈസന്‍സ് ഡിജിസിഎ റദ്ദാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക