ഹോങ്കോംഗ് ആസ്ഥാനമായുള്ള കാത്തെ പസഫിക്കിന്‍റെ സഹോദര സ്ഥാപനമായ ഡ്രാഗണ്‍ എയര്‍ രാജ്യത്തെ ഐ.റ്റി ഹബ് എന്ന നിലയില്‍ പ്രസിദ്ധമായ ബാംഗ്ലൂരിലേക്ക് വിമാന സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചു.
2008 മേയ് ഒന്നാം തീയതിയോടെയാവും ഹോങ്കോംഗില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള വിമാന സര്‍വീസ് തുടങ്ങുക എന്ന് കാത്തെ പസഫിക് ജനറല്‍ മാനേജര്‍ (ഇന്ത്യ, പശ്ചിമേഷ്യ, ആഫ്രിക്ക, ബംഗ്ലാദേശ്) ടോം റൈറ്റ് പറഞ്ഞു.
2008 ജൂണോടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് 23 പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കാനാണ് കമ്പനി ലക്‍ഷ്യമിടുന്നതെന്ന് ടോം റൈറ്റ് പറഞ്ഞു. ജൂണ്‍ ഒന്നു മുതല്‍ ചെന്നൈയില്‍ നിന്ന് ആഴ്ചയില്‍ നാലു ഫ്ലൈറ്റുകള്‍ ഹോങ്കോങ്ങിലേക്ക് പുതുതായി ആരംഭിക്കും.
ഇതിനൊപ്പം മുംബൈ, ഡെല്‍ഹി എന്നിവിടങ്ങളിലേക്ക് നിലവില്‍ ആഴ്ചയില്‍ നാലു ഫ്ലൈറ്റുകള്‍ എന്നത് ഫെബ്രുവരി 29 ഓടെ പ്രതിദിന സര്‍വീസ് ആയി മാറും എന്ന് ടോം റൈറ്റ് കൂട്ടിച്ചേര്‍ത്തു.
ഏഷ്യയില്‍ മാത്രം 25 ലേറെ സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കോണ്ടാണ് ഡ്രാഗണ്‍ എയര്‍ വിമാന സര്‍വീസ് നടത്തുന്നത്.