കേരഫെഡ്‌: 3 കോടി ലാഭം

സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേര ഫെഡ്‌ മികച്ച ലാഭം ഉണ്ടാക്കിയതായി റിപ്പോര്‍ട്ട്‌. കമ്പനി ചെയര്‍മാന്‍ എം.സുകുമാര പിള്ള വെളിപ്പെടുത്തിയതാണിത്‌.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരഫെഡ്‌ മൂന്നു കോടി രൂപയുടെ വ്യാപാര ലാഭമാണ്‌ കൈവരിക്കാന്‍ കഴിഞ്ഞത്‌. ഇതിനൊപ്പം കേര വെളിച്ചെണ്ണയുടെ പ്രതിമാസ വില്‍പ്പന 300 ടണ്ണില്‍ നിന്ന്‌ 600 ടണ്‍ ആക്കാനും കഴിഞ്ഞതായി സുകുമാര പിള്ള അവകാശപ്പെട്ടു.

പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി ഫെഡറേഷന്‍റെ കരുനാഗപ്പള്ളിയിലെയും നടുവണ്ണൂരിലെയും ഫാക്ടറികളുടെ പ്രവര്‍ത്തനശേഷി വിനിയോഗം വര്‍ധിപ്പിച്ചിട്ടുണ്ട്‌. കൊപ്രയുടെ ലഭ്യതക്കുറവുമൂലം ഇതു പൂര്‍ണമായി വിനിയോഗിക്കാന്‍ കഴിയുന്നില്ല എന്നതു മാത്രമാണ്‌ നിലവിലെ പ്രശ്നമെന്നും സുകുമാര പിള്ള പറഞ്ഞു.

ഈ വര്‍ഷം ഇതുവരെ 6200 ടണ്‍ കൊപ്ര സംഭരിച്ചു. അതേ സമയം മികച്ച ഗുണ നിലവാരം ഉറപ്പാക്കാന്‍ ഉദ്ദേശിച്ച്‌ കമ്പനിയില്‍ വന്ന മൊത്തം 440 ലോഡില്‍ ഗുണനിലവാരം കുറഞ്ഞ 78 ലോഡ്‌ ഫെഡറേഷന്‍ സ്വീകരിച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക