കെ-ജി വാതകത്തിന്‍റെ ഉടമസ്ഥത സര്‍ക്കാരിന്

ഞായര്‍, 12 ജൂലൈ 2009 (16:45 IST)
കൃഷ്ണ-ഗോദാവരി ബേസിനിലെ വാതകം സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്റ പറഞ്ഞു. കെ-ജി വാതകത്തിന്‍റെ പേരില്‍ അംബാനി സഹോദരന്‍മാര്‍ കോടതിയില്‍ പരസ്പരം പോരാടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രസ്താവന.

കെ-ജി ഗ്യാസില്‍ സര്‍ക്കാരിന് വലിയ ഓഹരി പങ്കാളിത്തമാണുള്ളത്. അതിനാല്‍ വാതകത്തിന്‍റെ ഉടമസ്ഥത സര്‍ക്കാരിനാണെന്നും മുകേഷ് അംബാനിക്കോ അനില്‍ അംബാനിക്കോ അല്ലെന്നും ദേവ്റ പറഞ്ഞു. അതേസമയം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

റിലയന്‍സ് ഇന്‍ഡസ്ട്രീസിനോടും റിലയന്‍സ് നാച്ചുറല്‍ റിസോഴ്സസിനോടും ഒരു മാസത്തിനകം വാതക വിതരണ കരാറില്‍ ഏര്‍പ്പെടണമെന്ന് ബോംബെ ഹൈക്കോടതി ജൂണ്‍ 15ന് നിര്‍ദേശിച്ചിരുന്നു.പുതിയ ഉത്തരവോടെ ആര്‍എന്‍ആര്‍എല്ലിന് മുകേഷ് അംബാനി ഗ്രൂപ്പിന്‍റെ കൃഷ്ണ-ഗോദാവരി ബേസിനില്‍ നിന്ന് 17 വര്‍ഷത്തേക്ക് വാതകം ലഭ്യമാകും. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരെ ആര്‍ഐഎല്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക