കൂടുതല്‍ കെടിഡി‌സി ഹോട്ടലുകള്‍

ബുധന്‍, 31 ഒക്‌ടോബര്‍ 2007 (10:58 IST)
WDWD
സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ കൂടുതല്‍ ഹോട്ടലുകള്‍ ആരംഭിക്കാന്‍ തയാറെടുക്കുന്നു. കെ.ടി.ഡി.സി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പാണ് ഇത് സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്.

വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ക്ക് സമീപം കൂടുതല്‍ കെ.ടി.ഡി.സി ഹോട്ടലുകള്‍ ആരംഭിക്കും. ഇത്തരത്തില്‍ കരിപ്പൂരിനടുത്ത് കൊണ്ടോട്ടിയിലും കൊച്ചിയില്‍ കാലടിയിലും ടാമറിന്‍ഡ് ഈസി ഹോട്ടലുകള്‍ ആരംഭിക്കാനാണ് പദ്ധതി.

കൊണ്ടോട്ടിയിലെ ഹോട്ടല്‍ നവംബര്‍ നാലാം തീയതി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അതേ സമയം കാലടിയിലേത് നവംബര്‍ പത്താം തീയതിയും മന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും.

വിമാന യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഈ ഹോട്ടലുകളെയും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള പാക്കേജ് പദ്ധതികളും ആവിഷ്കരിക്കാന്‍ പദ്ധതിയുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

ഇത് കൂടാതെ മിതമായ നിരക്കില്‍ മികച്ച സൌകര്യങ്ങളുള്ള പതിനഞ്ച് ടാമറിന്‍ഡ് ഹോട്ടലുകളും ആറു മാസത്തിനുള്ളില്‍ കെ.ടി.ഡി.സി ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക