കീശ കീറാത്ത ഐഫോണുമായി ആപ്പിള്‍!

ഞായര്‍, 21 ഏപ്രില്‍ 2013 (16:03 IST)
PRO
PRO
ഏതൊരു പാവപ്പെട്ടവന്റെയും മൊബൈല്‍ സ്വപ്നങ്ങളിലെ രാജാവാണ് ഐഫോണ്‍. പക്ഷേ പറഞ്ഞിട്ടെന്ത് വാങ്ങാന്‍ പോയാല്‍ കീശ കീറും. എന്നാല്‍ സംഭവം യാഥാര്‍ഥ്യമാകാന്‍ സാധ്യതയുണ്ട്. കാരണം ബഡ്ജ്റ്റിലൊതുങ്ങുന്ന ഒരു ഐഫോണ്‍ അണിയറയില്‍ തയാറായതായാണ് വിവരം. പ്‌ളാസ്‌റ്റിക്‌ പുറംചട്ടയോട്‌ കൂടിയ അഞ്ച്‌ നിറങ്ങളില്‍ ലഭ്യമായേക്കാവുന്ന വില കുറഞ്ഞ മോഡല്‍ ഇറക്കാനാണ് ആപ്പിളിന്റെ പദ്ധതി.

വിപണിയിലുള്ള ഐഫോണ്‍ - 5 ​ന്റെ പുറംചട്ട അലുമിനിയം നിര്‍മ്മിതമാണ്. പ്ലാസ്റ്റിക് പുറം ചട്ടയുള്ള ഹാന്‍ഡ്സെറ്റ് ഈ വര്‍ഷം ഒക്‌ടോബര്‍ അവസാനത്തോടെ വിപണിയില്‍ എത്തിക്കും. ഹാന്‍ഡ്‌സെറ്റ്‌ 16,429 രൂപയ്‌ക്ക് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും‌. പ്രധാനമായും ഇന്ത്യ, ചൈന വിപണിയെ ലക്ഷ്യമിട്ട്‌ അണിയറയില്‍ ഒരുങ്ങുന്ന ഹാന്‍ഡ്‌സെറ്റ്‌ ഇപ്പോള്‍ വിപണിയിലുള്ള ആപ്പിള്‍ - 5 നേക്കാള്‍ അല്‍പ്പം വലിപ്പം കുറയും. 3.5 ഇഞ്ച്‌ റെറ്റീനാ സ്‌ക്രീന്‍ തുടങ്ങിയ സവിശേഷതകളും പറയുന്നുണ്ട്‌.

എന്നാല്‍ വാര്‍ത്ത ആപ്പിള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. വന്‍ നേട്ടത്തിന്‌ ശേഷം അമേരിക്കന്‍ വിപണിയില്‍ ആപ്പിളിന്റെ ഓഹരിയ്‌ക്ക് ഇടിവ്‌ സംഭവിച്ചതിന്റെയും ഐഫോണ്‍-5 ന്റെ ഉല്‍പ്പാദനം നിര്‍ത്തുകയാണെന്നും വരുന്ന വാര്‍ത്തകള്‍ക്ക്‌ പിന്നാലെയാണ്‌ വിലകുറഞ്ഞ ഐഫോണിന്റെ വിവരങ്ങളും പുറത്ത്‌ വന്നിരിക്കുന്നത്‌. അപ്പോള്‍ മൊബൈല്‍ രാജാവിനെ സ്വന്തമാക്കാന്‍ ഇപ്പോഴേ പണം സൂക്ഷിച്ചോളൂ.

വെബ്ദുനിയ വായിക്കുക