ഐഎല്‍ ആന്‍റ് എഫ്‌എസ് മെയ്ടാസിന്‍റെ പുതിയ പ്രമോട്ടര്‍മാര്‍
തിങ്കള്‍, 31 ഓഗസ്റ്റ് 2009 (15:41 IST)
അടിസ്ഥാന സൌകര്യ വികസന സംരംഭമായ ഐഎല്‍ ആന്‍റ് എഫ്‌എസിനെ രാമലിംഗ രാജുവിന്‍റെ ഉടമസ്ഥതയിലുള്ള മെയ്ടാസ് ഇന്‍ഫ്രയുടെ പുതിയ പ്രമോട്ടര്‍മാരായി നിയമിച്ചു. പ്രതിസന്ധിയിലായ കമ്പനിയെ സഹായിക്കുന്നതിനായി 55 കോടി രൂപയുടെ ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കേന്ദ്ര കമ്പനികാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആണ് ഇക്കാര്യമറിയിച്ചത്. മെയ്ടാസ് ഇന്‍ഫ്രയില്‍ 37.1 ശതമാനം ഓഹരികളാണ് ഐഎല്‍ ആന്‍റ് എഫ്‌എസിനുള്ളത്. കമ്പനി ചെയര്‍മാന്‍ അടക്കം നാല് ഡയറക്ടര്‍മാരെ ഐഎല്‍ ആന്‍റ് എഫ്‌എസ് നിയമിക്കുമെന്ന് കമ്പനി നിയമ ബോര്‍ഡ് അറിയിച്ചു.
പുതിയ നിയമനത്തെത്തുടര്‍ന്ന് സത്യം കമ്പ്യൂട്ടര്‍ മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജുവിന്‍റെ മകനും മെയ്ടാസ് ഡയറക്ടറുമായ തേജ രാജുവും മറ്റൊരു ഡയറക്ടറായ ബി നരസിംഹ റാവുവും ബോര്‍ഡില്‍ നിന്ന് രാജിവയ്ക്കും. പ്രതിസന്ധി നേരിട്ടതിനെത്തുടര്‍ന്ന് കെ രാമലിംഗം, വേദ് ജെയിന്‍, ഒപി വൈശ്, അനില്‍ കെ അഗര്‍വാള്‍ എന്നീ നാല് ഡയറക്ടര്‍മാരെ സര്‍ക്കാര്‍ മെയ്ടാസ് ബോര്‍ഡില്‍ നിയമിച്ചിരുന്നു. ഇതില്‍ രണ്ടുപേരെ സര്‍ക്കാര്‍ പിന്‍വലിക്കും.