എസ്‌ എന്‍‌ സി ലാവ്‌ലിന് 80 മില്യണ്‍ ഡോളര്‍ ലാഭം

തിങ്കള്‍, 10 ഓഗസ്റ്റ് 2009 (13:12 IST)
PRO
PRO
അഴിമതിയാരോപണം നേരിടുന്ന കാനഡയിലെ എസ്‌എന്‍‌സി ലാവ്‌ലിന്‍ കമ്പനിക്ക് 2009 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 80 മില്യണ്‍ ഡോളറോളം ലാഭമുണ്ടാക്കാനായി. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 75 മില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ ലാഭം.

അതേസമയം വരുമാനത്തില്‍ കമ്പനി നഷ്ടം നേരിട്ടു. 3.1 ബില്യണ്‍ യുഎസ് ഡോളറാണ് ജനുവരി - ജൂണ്‍ കാലയളവിലെ കമ്പനിയുടെ വരുമാനം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വരുമാനം 3.5 ബില്യണ്‍ ഡോളറായിരുന്നു. മോണ്‍‌ട്രിയല്‍ കേന്ദ്രമായുള്ള ഈ എഞ്ചിനീയറിംഗ് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തന മേഖല നൂറിലധികം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.

കേരളത്തില്‍ മൂന്ന് വൈദ്യുതി നിലയങ്ങളുടെ വികസനപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കമ്പനിയെ ഉള്‍പ്പെടുത്തിക്കൊണ്ട് ജൂണ്‍ പതിനൊന്നിന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മുന്‍ വൈദ്യുത മന്ത്രിയും സിപി‌എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ അടക്കമുള്ളവര്‍ ഈ കേസില്‍ പ്രതികളാണ്.

പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായിരുന്ന സമയത്ത് വൈദ്യുത നിലയങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കനേഡിയന്‍ കമ്പനിക്ക് ചട്ടങ്ങള്‍ ലംഘിച്ച് കരാര്‍ നല്‍കിയെന്നാണ് കേസ്. എന്നാല്‍ കേസില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക